"ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല, അവരോടാണ്...നിങ്ങള്‍ക്ക് കൂടി വേണ്ടിയാണ് ഈ നിയന്ത്രണങ്ങള്‍"; കൊവിഡ് 19 നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ചേര്‍ന്ന് പ്രതിസന്ധി ഘട്ടത്തെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഈ ശ്രമങ്ങളോട് സഹകരിക്കാത്തവര്‍ക്ക് കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല, അവരോടാണ്…നിങ്ങള്‍ക്ക് കൂടി വേണ്ടിയാണ് ഈ നിയന്ത്രണങ്ങള്‍’, മുഖ്യമന്ത്രി പറഞ്ഞു. നാട് പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഉറക്കമൊഴിച്ചിരിക്കുന്ന ഒരു വിഭാഗം നാട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, രാഷ്ട്രീയ-സാമൂഹ്യ സന്നദ്ധസംഘടനകള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്ത് ഇന്നും 12 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ കാസര്‍കോടും മൂന്ന് പേര്‍ കണ്ണൂരും മൂന്ന് പേര്‍ എറണാകുളത്തുമാണ്.