| Saturday, 28th July 2018, 2:10 pm

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്നു സി.ബി.ഐ. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ.എസ്.ഇ.ബി മുന്‍ അക്കൗണ്ട്‌സ് മെമ്പര്‍ കെ.ജി രാജശേഖരന്‍, മുന്‍ ചെയര്‍മാന് ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Also Read:ജൂലൈ 30ലെ ഹര്‍ത്താലിന്റെ രഹസ്യ സ്‌പോണ്‍സര്‍ സി.പി.ഐ.എം: ആരോപണവുമായി ടി. ജി മോഹന്‍ദാസ്

ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ ഒരുമാറ്റവും വരില്ല. ഹൈക്കോടതി വിധിയില്‍ പിഴവുണ്ട്. പിണറായി വിജയന്‍ കമ്പനിയുടെ അതിഥിയായി കാനഡയിലുള്ളപ്പോഴാണ് കണ്‍സല്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത്. കെ.എസ്.ഇ.ബിക്ക് ഈ കരാറിലൂടെ ഭീമമായ നഷ്ടമാണുണ്ടായതെന്നും സി.ബി.ഐ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവര്‍ അറിയാതെ കരാറില്‍ മാറ്റമുണ്ടാകില്ല എന്നാണ് സി.ബി.ഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വിചാരണ നേരിടുന്നതില്‍ നിന്നും ഇവരെ ഒഴിവാക്കി ഉത്തരവിടുമ്പോള്‍ ഹൈക്കോടതി ഈ വസ്തുത പരിഗണിച്ചില്ല എന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:സര്‍ക്കാര്‍ എയിഡഡ് ഗേള്‍സ് സ്‌കൂളില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധിത പാദപൂജ; ഹിന്ദുത്വ അജണ്ട നടപ്പിലാക്കി ആര്‍.എസ്.എസ്സ്

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് എസ്.എന്‍.സി ലാവ്‌ലിനുമായി ഒപ്പിച്ച കരാറുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനാധാരം. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്കു നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.

പ്രതിപ്പട്ടികയിലെ ആറുപേരില്‍ പിണറായി വിജയന്‍ അടക്കം മൂന്നുപേരെ കേസില്‍ നിന്ന് ഒഴിവാക്കിയ വിചാരണ കോടതി നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. എന്നാല്‍ കെ.ജി രാജശേഖരന്‍, ആര്‍.ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

We use cookies to give you the best possible experience. Learn more