തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പകളിന്മേല്‍ സര്‍ഫാസി ചുമത്തുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കുന്ന കര്‍ഷകര്‍ക്കുമേലും ബാങ്കുകള്‍ സര്‍ഫാസി ചുമത്തുന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പലയിടത്തും കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമായതും സര്‍ഫാസി നിയമം ചുമത്തി ജപ്തി നടപടികളുമായി മുന്നോട്ടുപോയതായിരുന്നു. ഇത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
സഹകരണ മേഖലയില്‍ സര്‍ഫാസിയേര്‍പ്പെടുത്തിയതു സംബന്ധിച്ച് വലിയ വാക്കുതര്‍ക്കമാണ് നിയമസഭയിലുണ്ടായത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് സര്‍ഫാസി നിയമം സഹകരണ മേഖലയ്ക്കു കൂടി ബാധകമാക്കിയതെന്ന് സഹകരണ മന്ത്രി ജി. സുധാകരന്‍ ആരോപിച്ചു.
ഈ സര്‍ക്കാര്‍ വന്നശേഷം 2400ഓളം കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകളില്‍ നിന്നും ജപ്തി നോട്ടീസ് കിട്ടിയെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.
കര്‍ഷക ആത്മഹത്യ പെരുകുന്നത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവേയായിരുന്നു സഭയില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയായത്.
വയനാട്ടില്‍ നിന്നുള്ള എം.എല്‍.എയായ ഐ.സി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു, സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങളൊക്കെ വെറുംവാക്കായി മാറുന്നു തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹം സഭയില്‍ ഉയര്‍ത്തിയത്.
ഇതിനു മറുപടി നല്‍കിക്കൊണ്ട് ആദ്യം സംസാരിച്ച കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 15 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്ന് അറിയിച്ചു. കര്‍ഷകര്‍ക്കുവേണ്ട സഹായങ്ങള്‍ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ക്കു പുറമേ വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടെയുള്ള മറ്റു വായ്പകള്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ അത് നടപ്പാക്കി വരുന്നുണ്ടെന്നും കൃഷി മന്ത്രി സഭയില്‍ ഉറപ്പു നല്‍കി.
കര്‍ഷക ദ്രോഹ നടപടികള്‍ക്ക് ബാങ്കുകളെ കൃഷി മന്ത്രി വിമര്‍ശിച്ചു. സര്‍ഫാസി നിയമം ചുമത്തിക്കൊണ്ടാണ് ബാങ്കുകള്‍ കര്‍ഷകരെ ദ്രോഹിക്കുന്നത്. ഇത് പാടില്ലയെന്ന് ബാങ്കുകളോട് പലവട്ടം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ഫാസി നിയമം ചുമത്തുന്ന ബാങ്കുകള്‍ക്കെതിരെ സര്‍ക്കാറും പ്രതിപക്ഷവും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു. അതിനാല്‍ അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് കൃഷി മന്ത്രി അറിയിച്ചു.
തുടര്‍ന്ന് സംസാരിച്ച ഐ.സി ബാലകൃഷ്ണന്‍, ആത്മഹത്യ ചെയ്ത കര്‍ഷകരുടെയെങ്കിലും കട ബാധ്യത സര്‍ക്കാര്‍ പൂര്‍ണമായി എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് മുഖ്യമന്ത്രി സര്‍ഫാസി നിയമത്തിനെതിരെ സംസാരിച്ചത്.
മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും മറുപടി അംഗീകരിച്ചുകൊണ്ട് സ്പീക്കര്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അവസരം നിഷേധിച്ചു.