Kerala News
"പ്രതിപക്ഷത്തിന് തിരിച്ചടി ഏല്‍ക്കുന്നത് നോക്കി നടക്കുകയല്ല സര്‍ക്കാരിന്റെ പണി"; നാടിന് വേണ്ട നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th May 2020, 6:08 pm

തിരുവനന്തപുരം: പ്രതിപക്ഷത്തിന് കോടതിയില്‍ തിരിച്ചടി നേരിടുന്നത് നോക്കിയിരിക്കുകയല്ല സര്‍ക്കാരിന്റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പള ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഹൈക്കോടതി ഇടപെടലിനെ കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

‘പ്രതിപക്ഷത്തിന് തിരിച്ചടി ഏല്‍ക്കുന്നത് നോക്കി നടക്കുകയല്ലല്ലോ സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നു, അത് നാടിന് വേണ്ടി സ്വീകരിക്കുന്ന നടപടിയാണ്. അത് നിയമസംവിധാനം കൂടി അംഗീകരിക്കുന്ന നില വന്നിരിക്കുകയാണ്’, മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി.

ഓര്‍ഡിനന്‍സ് നിമാനുസൃതമല്ലെന്ന് കാണിച്ച് എന്‍.ജി.ഒ അസോസിയേഷനും എന്‍.ജി.ഒ സംഘുമാണ് കോടതിയെ സമീപിച്ചത്.

സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ അവകാശമുണ്ടെന്നും ആരുടെയും മൗലികാവകാശം ലംഘിക്കുന്നതല്ല ഓര്‍ഡിനന്‍സെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് പറഞ്ഞു. നിയമനിര്‍മാണത്തിനുള്ള സാധ്യത ശമ്പളം പിടിക്കുന്നത് സംബന്ധിച്ച ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശമ്പളം പിടിക്കുന്നതിനായി സര്‍ക്കാര്‍ നേരത്തേ അഡ്മിനിസ്‌ട്രേറ്റീവ് ഓര്‍ഡര്‍ ഇറക്കിയിരുന്നു. ഇതിനെതിരേ പ്രതിപക്ഷ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

നിയമസാധുത ഇല്ലെന്ന കാരണത്താലാണ് സര്‍ക്കാരിന്റെ മുന്‍ ഉത്തരവ് റദ്ദാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: