| Saturday, 22nd May 2021, 6:58 pm

ഈ വിഷമത്തിനിടയില്‍ ഇനി എന്റെ വിലയിരുത്തലും കൂടെ വേണോ? ചെന്നിത്തലയെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തോട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുതിയ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന്റെ നിയമസഭയിലെ പ്രകടനം മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിലയിരുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷമത്തിനിടയില്‍ തന്റെ വിലയിരുത്തലും വേണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

നേരത്തെ വി.ഡി സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനത്തെ സ്വാഗതം ചെയ്ത് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. സതീശനൊപ്പം നിയമസഭയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മാന്യനായ രാഷ്ട്രീയക്കാരനാണ് അദ്ദേഹമെന്നും കോടിയേരി പറഞ്ഞിരുന്നു.

ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും എതിര്‍പ്പ് തള്ളിയായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്റ് സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്.

ഹൈക്കമാന്റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ ഖാര്‍ഗെ തീരുമാനം അറിയിച്ചിരുന്നു.

നേരത്തെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുകയായിരുന്നു.

ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമായിരുന്നു സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.

അതേസമയം പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ നിയമിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ അസംബന്ധമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

‘എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിന് ശേഷം ഇത് സംബന്ധിച്ച് ആരുമായും ബന്ധപ്പെട്ടിട്ടില്ല. മാധ്യമ വാര്‍ത്തകള്‍ അസത്യമാണ്,’ എന്നാണ് ഉമ്മന്‍ ചാണ്ടി ട്വിറ്ററില്‍ പ്രതികരിച്ചത്.

അതേസമയം ഉമ്മന്‍ ചാണ്ടി, ചെന്നിത്തലയ്ക്കായി സമ്മര്‍ദ്ദം ചെലുത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് അനുകൂലികള്‍ ഇതിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി രാജീവ് ഗാന്ധിയുടെ ഓര്‍മദിവസത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെയും കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് വന്നത്.

കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമാണെന്നും ചെന്നിത്തലയ്ക്കായി വാദിക്കുന്ന നിലപാട് മാറ്റണമെന്നും ഇവര്‍ പറയുന്നു. വി.ഡി സതീശനെ പ്രതിപക്ഷ നേതാവും കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനുമാക്കിയാലേ കോണ്‍ഗ്രസ് ശരിയാവൂ എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും രംഗത്തെത്തിയിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തു. കോണ്‍ഗ്രസില്‍ സമസ്ത മേഖലയിലും മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന് മുരളീധരനും ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ, കെ.പി.സി.സി നേതൃത്വത്തിലും മാറ്റമുണ്ടാകുമെന്നും സൂചനകളുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan on Ramesh Chennithala VD Satheesan

We use cookies to give you the best possible experience. Learn more