തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്വം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:-
പ്രതിപക്ഷ നേതാവ് ഉത്തരവാദപ്പെട്ട സ്ഥലത്തിരിക്കുന്ന ആളാണല്ലോ. അത് അദ്ദേഹം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. ഇന്നലെ അദ്ദേഹം പറഞ്ഞത് ചീഫ് സെക്രട്ടറി കണ്ടെത്തിയത് കൊണ്ടാണ് ഇലക്ട്രിക് ബസ് നിര്‍മ്മാണ കരാറിലേക്ക് പോകാതിരുന്നത് എന്നാണ്. അത് സമര്‍ത്ഥിക്കാന്‍ ഫയലിന്റെ ഒരു ഭാഗവും അദ്ദേഹം ഉയര്‍ത്തിക്കാണിക്കുകയുണ്ടായി.
ഫയല്‍ പരിശോധിക്കുമ്പോള്‍ ഒരുഭാഗം മാത്രം കണ്ടാല്‍ പോരല്ലോ. അതിന് മുന്‍പും പിന്‍പുമുള്ളത് വിട്ടുപോകാന്‍ പാടില്ലല്ലോ. അതെന്തുകൊണ്ടാണ് ചിലത് വിട്ടുപോകുന്നതെന്ന് മനസിലാകുന്നില്ല
ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയല്‍ താനെ നടന്ന് പോകില്ലല്ലോ. ഇദ്ദേഹം ഉദ്ധരിച്ച ഭാഗത്തിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി ഒരു വാചകം അതില്‍ എഴുതിയിട്ടുണ്ട്. അത് ചീഫ് സെക്രട്ടറി കാണുക എന്നാണ്. അതായത് ഫയലില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് ചീഫ് സെക്രട്ടറി പരിശോധിച്ച് അതില്‍ അഭിപ്രായം പറയണം എന്നാവശ്യപ്പെടുന്നത് മുഖ്യമന്ത്രിയാണ്.
ഈ ഭാഗമെന്തിനാണ് മറച്ചുവെച്ചത്. ഇങ്ങനെയുള്ള പരിശോധനകളും അഭിപ്രായങ്ങളും മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ഒന്നിലധികം തവണയാണ്. ഇത് കാണിച്ചതിന്റെ അര്‍ത്ഥം ഫയലിന്റെ പകര്‍പ്പ് അദ്ദേഹത്തിന്റെ കൈയിലുണ്ട് എന്നാണല്ലോ
അതൊന്ന് മനസിരുത്തി വായിച്ചുനോക്കാന്‍ അദ്ദേഹം തയ്യാറാകണം. കഴിഞ്ഞ ദിവസം ഒരുകാര്യം ഞാന്‍ പറഞ്ഞിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പ് വേണം. ആരെങ്കിലും പറയുന്നത് കേട്ട് നമ്മളുടെ വിലപ്പെട്ട സമയം കളയരുത്. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല, നടക്കുകയുമില്ല
ഏതെങ്കിലും ആക്ഷേപം കേട്ടത് കൊണ്ട് കേരളത്തില്‍ ഭാവിയ്ക്ക് അനിവാര്യമായി പദ്ധതികള്‍ ഉപേക്ഷിക്കാനും പോകുന്നില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ