| Friday, 1st January 2021, 6:56 pm

കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്തുള്ളത് നല്ലതാണ്; കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവില്‍ പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞാലിക്കുട്ടിയെ പോലാരു നേതാവ് പ്രതിപക്ഷത്ത് ഉണ്ടാകുന്നത് നല്ലതാണെന്ന് പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്:

കുഞ്ഞാലിക്കുട്ടി നിയമസഭയിലെ ഒരാളായിരുന്നല്ലോ നേരത്തെ. എന്തോ ഒരു പ്രത്യേക നിലപാട് കാരണം അതല്ലെങ്കില്‍ എന്തോ ഒരു സാഹചര്യം വരുമെന്ന് തോന്നിയതിന്റെ ഫലമായി പാര്‍ലമെന്റിലേക്ക് പോകണമെന്നാലോചിച്ചു. അതിപ്പോ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ചിന്തിക്കുന്നു, അല്ലെങ്കില്‍ ആ പാര്‍ട്ടി ചിന്തിക്കുന്നു.

നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലൊരാള്‍ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹമുണ്ടാകുന്നത് വളരെ സഹായകരമായ നിലപാട് തന്നെയാണ്. പ്രതിപക്ഷത്ത് അദ്ദേഹം ഉണ്ടാകുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുക തന്നെയാണ്. അതില്‍ എനിക്ക് വ്യത്യസ്ത അഭിപ്രായമില്ല.

നേരത്തെ കുഞ്ഞാലിക്കുട്ടി എം. പി സ്ഥാനം രാജി വെക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നും ലീഗ് നേതൃത്വം യോഗത്തിന് ശേഷം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും വിധമാകും രാജിയെന്ന്  ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി.

‘കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരള രാഷ്ട്രീയത്തിലേക്ക് മുഴുവന്‍ സമയ പ്രവര്‍ത്തകനായി തിരിച്ച് വരണം എന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട് .  ലീഗിന്റെ ഉന്നതാധികാര സമിതിയെടുത്ത ഈ തീരുമാനങ്ങള്‍ ഇന്നത്തെ പ്രവര്‍ത്തക സമിതി യോഗം അംഗീകരിക്കുകയും ചെയ്തു,’ കെ.പി.എ മജീദ് പറഞ്ഞു.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan on PK Kunjalikkutty Kerala Return

We use cookies to give you the best possible experience. Learn more