തിരുവനന്തപുരം: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്തുകൊണ്ടാണ് പുതുമുഖത്തെ പരിഗണിക്കാതിരുന്നതെന്ന ചോദ്യത്തിന് മറുപടിയുമായി പിണറായി വിജയന്‍. പാര്‍ട്ടി തന്നോട് തുടരാനാണ് പറഞ്ഞതെന്നും അതുകൊണ്ട് തുടരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ സ്ഥാനത്തേക്കും പുതുമുഖങ്ങളെ പരിഗണിച്ചില്ലേ എന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കും പുതുമുഖം വേണമായിരുന്നു എന്ന പൊതുവിമര്‍ശനം വരുന്നുണ്ടല്ലോ എന്നായിരുന്നു ചോദ്യം. എന്നാല്‍ സാധാരണഗതിയില്‍ അങ്ങനെയാണ് വേണ്ടതെന്നും പാര്‍ട്ടി തന്നോട് തുടരാന്‍ പറയുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.കെ ശൈലജ, എം.എം മണി തുടങ്ങിയവരെ രണ്ടാം പിണറായി സര്‍ക്കാരില്‍ പരിഗണിച്ചിരുന്നില്ല. മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാവരും കഴിഞ്ഞ സര്‍ക്കാരില്‍ ഇല്ലാത്തവരാണ്.
ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്. കെ.കെ. ശൈലജയ്ക്കു പകരം വീണാ ജോര്‍ജ് ആരോഗ്യമന്ത്രിയാകും. പി.എ. മുഹമ്മദ് റിയാസിനു പൊതുമരാമത്തും ടൂറിസവും നല്‍കി. വിദ്യാഭ്യാസം, തൊഴില്‍ വകുപ്പുകള്‍ ശിവന്‍കുട്ടിക്കാണെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം വ്യാഴാഴ്ച ഗവര്‍ണര്‍ക്ക് മന്ത്രിമാരുടെ വകുപ്പുകള്‍ സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ധനവകുപ്പ് കെ.എന്‍.ബാലഗോപാലിനും വ്യവസായം പി.രാജീവിനും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് ആര്‍.ബിന്ദുവിനാണ് സാധ്യത. എം.വി.ഗോവിന്ദനു എക്‌സൈസ്, തദ്ദേശം എന്നിവ ലഭിച്ചേക്കും.
സി.പി.ഐ.എമ്മിന്റെ പക്കലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ജനതാദള്‍ എസിലെ കെ. കൃഷ്ണന്‍ കുട്ടിക്കു നല്‍കി. ജലവിഭവം കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനു ലഭിച്ചു. ഐ.എന്‍.എല്‍ പ്രതിനിധി അഹമ്മദ് ദേവര്‍കോവിലിനു തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പുകള്‍ നല്‍കി.
ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും വി.അബ്ദുറഹ്മാനു നല്‍കിയേക്കും. ആന്റണി രാജു ആണ് ഗതാഗതമന്ത്രി. വി.എന്‍. വാസവനു സഹകരണവും രജിസ്‌ട്രേഷനും കെ. രാധാകൃഷ്ണനു ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പുകളുമാണെന്നാണ് റിപ്പോര്‍ട്ട്. വനംവകുപ്പ് സി.പി.ഐയില്‍നിന്ന് എന്‍.സി.പിക്കു നല്‍കി.
സി.പി.ഐയില്‍നിന്ന് കെ.രാജന്‍ റവന്യൂ മന്ത്രി ആകാനാണ് സാധ്യത. പി.പ്രസാദിനു കൃഷി ലഭിച്ചേക്കും. ജി.ആര്‍. അനിലിനു ഭക്ഷ്യവകുപ്പ് നല്‍കാന്‍ ആലോചനയുണ്ട്. ജെ. ചിഞ്ചുറാണിക്കു മൃഗസംരക്ഷണവും ക്ഷീരവികസനവുമാണ് ലഭിക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക