തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് വിശപ്പുരഹിത കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിലെ ഭക്ഷണത്തിനെതിരായ മനോരമ ന്യൂസ് വാര്‍ത്ത വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
‘പണമില്ലാത്തതു കാരണം വിശപ്പടക്കാന്‍ പ്രയാസപ്പെടുന്ന മനുഷ്യര്‍ക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ്. അത് മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.
പ്രസ്തുത പദ്ധതി വിജയകരമായി നടപ്പാക്കുന്നത് രാപ്പകലില്ലാതെ അധ്വാനിക്കുന്ന കുടുംബശ്രീ അംഗങ്ങളുടേയും അവര്‍ക്കു പിന്തുണ നല്‍കുന്ന അയല്‍ക്കൂട്ടങ്ങളുടേയും മികവാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. വിശപ്പു രഹിത കേരളത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന അവരുടെ നേട്ടങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2020-21 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1000 ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. അധികം വൈകാതെ ഉടലെടുത്ത കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഈ പദ്ധതി ദ്രുതഗതയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
20 രൂപയ്ക്ക് നല്‍കുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുന്നുണ്ട് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്തുടനീളം 1095 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘വിശപ്പുരഹിത കേരളം’ എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പുകളില്‍ ഒന്നാണ് പണമില്ലാത്തതു കാരണം വിശപ്പടക്കാന്‍ പ്രയാസപ്പെടുന്ന മനുഷ്യര്‍ക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകള്‍.
2020-21 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1000 ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. അധികം വൈകാതെ ഉടലെടുത്ത കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഈ പദ്ധതി ദ്രുതഗതയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
തുടര്‍ന്ന് 2021 മാര്‍ച്ച് 31-ന് ആ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 1007 ജനകീയ ഹോട്ടലുകള്‍ ആരംഭിക്കാന്‍ നമുക്കു സാധിച്ചു. ഇന്നത് 1095 ഹോട്ടലുകളില്‍ എത്തി നില്‍ക്കുന്നു. അവയുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുന്നതായിരിക്കും.
കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണിനു മുന്‍പുള്ള സമയം വരെ ഒരു ദിവസം ഏകദേശം 1.50 ലക്ഷം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളില്‍ നിന്നും ആഹാരം കഴിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഭക്ഷണം പാര്‍സല്‍ ചെയ്ത് വിതരണം ചെയ്യാനും സാധിച്ചു. 20 രൂപയ്ക്ക് നല്‍കുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുന്നു.
കേരളത്തിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്ന് ജനകീയ ഹോട്ടലുകളുണ്ട്. ഇത്രയധികം ആളുകള്‍ക്ക് ഗുണകരമായിത്തീര്‍ന്ന ഈ ബൃഹദ് പദ്ധതി വിജയകരമായി നടപ്പാക്കുക എന്നത് അതീവശ്രമകരമായ ദൗത്യമാണ്.
അതേറ്റവും മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ തങ്ങളുടെ രാപ്പകലില്ലാത്ത അദ്ധ്വാനത്തിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്കും അവര്‍ക്കു പിന്തുണ നല്‍കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. നിലവില്‍ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
വിശപ്പു രഹിത കേരളത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന അവരുടെ നേട്ടങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു. ഈ പദ്ധതി കൂടുതല്‍ മികവുറ്റതാക്കാന്‍ പൊതുസമൂഹത്തിന്റെ ആത്മാര്‍ഥമായ പിന്തുണ അനിവാര്യമാണ്. അത് ഉറപ്പു വരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.