പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്ററുകള്‍ക്കും പണംനല്‍കേണ്ട സ്ഥിതിയുണ്ടായി; കണക്കുകള്‍ നിരത്തി നിയമസഭയില്‍ മുഖ്യമന്ത്രി
Kerala News
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്ററുകള്‍ക്കും പണംനല്‍കേണ്ട സ്ഥിതിയുണ്ടായി; കണക്കുകള്‍ നിരത്തി നിയമസഭയില്‍ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th November 2018, 11:18 am

തിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി കേന്ദ്രം നല്‍കിയ ഹെലികോപ്റ്ററുകള്‍ക്കും സംസ്ഥാനം പണം നല്‍കേണ്ട സ്ഥിതിയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ഇതുവരെ കിട്ടിയ തുകപോരെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

25 കോടി രൂപയുടെ ബില്ലാണ് വ്യോമസേന സംസ്ഥാന സര്‍ക്കാറിന് നല്‍കിയത്.

2683.18 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക. 688.48 കോടി രൂപ ഇതുവരെ ചിലവായെന്നും മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. ദുരന്ത നിവാരണ നിധിയിലെ മുഴുവന്‍ തുക ഉപയോഗിച്ചാലും ബാധ്യത തീരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയകാലത്ത് കേരളത്തിന് അര്‍ഹതപ്പെട്ട സഹായങ്ങള്‍ തരാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കിയിരുന്നു. കേരളം പ്രളയത്തെ അതിജീവിക്കാന്‍ ശ്രമിക്കവേ കേന്ദ്രം കേരളത്തിനെതിരെ സ്വീകരിച്ച നടപടികള്‍ ഓരോന്നോരാന്നായി എടുത്തുപറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

പ്രളയകാലത്ത് തന്ന റേഷന് പോലും പണം വാങ്ങി. യു.എ.ഇ പോലുള്ള രാജ്യങ്ങള്‍ സഹായങ്ങളുമായി മുന്നോട്ട് വന്നപ്പോള്‍ അത് സ്വീകരിക്കാനും അനുവദിച്ചില്ല. ഇതുവഴി നമുക്ക് ലഭിക്കുമായിരുന്ന വലിയൊരു തുക നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

“മന്ത്രിമാരുടെ വിദേശയാത്ര തടഞ്ഞതെന്തിനാണെന്ന് മനസിലാക്കാന്‍ പ്രയാസമുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായം തടഞ്ഞു.” എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമടക്കം നേരിട്ട് വന്ന പ്രളയം കണ്ട് ബോധ്യപ്പെട്ടതാണ്. ദേശീയ ദുരന്തനിവാരണസമിതിയുടെ മാനദണ്ഡമനുസരിച്ച് നമുക്കുണ്ടായ നഷ്ടം നികത്തി തരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ആദ്യഘട്ടത്തിലുണ്ടായ പ്രളയത്തില്‍ 820 കോടിയുടെയും രണ്ടാമതുണ്ടായ പ്രളയത്തില്‍ 4896 കോടിയുടെയുമടക്കം 5616 കോടി രൂപയാണ് കേന്ദ്രത്തോട് ചോദിച്ചത്. ഇതിന് പുറമെ 5000 കോടിയുടെ പാക്കേജ് തരണമെന്നും ആവശ്യപ്പെട്ടു. ഇത് മുഴുവന്‍ അനുവദിച്ചാലും നഷ്ടം നികത്താനാകില്ലെന്നാണ് മറ്റൊരു വസ്തുത.

ലോകബാങ്കും ഐക്യരാഷ്ട്രസഭയും കണക്കാക്കിയത് 31000 കോടി രൂപയുടെ നഷ്ടമാണ്. എന്നാല്‍ കേന്ദ്രം ഇതുവരെ തന്നത് 600 കോടി രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതില്‍ നിന്ന് റേഷന്റെ തുക കുറച്ചാല്‍ കേന്ദ്രം തന്നത് 334 കോടി 26 ലക്ഷം രൂപമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കര്‍ണാടകയിലെ ഒരു ജില്ലയില്‍ പ്രളയമുണ്ടായപ്പോള്‍ 534 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ 2300 കോടി രൂപയും ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ 940 കോടി രൂപയും അനുവദിച്ചു. ഇതില്‍ നിന്ന് മഹാപ്രളയം ഉണ്ടായ നമ്മുടെ സംസ്ഥാനത്തോട് കാണിച്ച അലംഭാവം മനസിലാക്കാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.