മീന്‍പിടിക്കാന്‍ ആഴക്കടല്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത നയമല്ല ഈ സര്‍ക്കാരിന്റേത്; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി
Kerala News
മീന്‍പിടിക്കാന്‍ ആഴക്കടല്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത നയമല്ല ഈ സര്‍ക്കാരിന്റേത്; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th February 2021, 6:58 pm

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് കോര്‍പ്പറേറ്റ് ഇടപെടലിന് തീരുമാനം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മഹാകാര്യമെന്ന മട്ടില്‍ ചിലത് പറഞ്ഞു. ഒരു കാര്യം വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യമേഖലയില്‍ സര്‍ക്കാര്‍ കൃത്യമായ നയം രൂപീകരിച്ചു. അതില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ വ്യക്തമായ നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിദേശ ട്രോളറുകള്‍ക്കോ, തദ്ദേശീയ കോര്‍പ്പറേറ്റ് യാനങ്ങള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുവാദം നല്‍കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും എന്ന് വ്യക്തമാക്കിയതാണ്. സംസ്ഥാനത്തിന്റെ തീരക്കടലില്‍ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കും. പുതിയ യാനങ്ങള്‍ക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാക്കും’, മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതിനും സ്വതന്ത്രമായി വില നിര്‍ണയിക്കാനും വിപണനത്തിലേര്‍പ്പെടാനും അവകാശം അവര്‍ക്ക് മാത്രമായി നിജപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയാണ് കോര്‍പ്പറേറ്റ് ഇടപെടലിന് തീരുമാനം കൊണ്ടുവന്നത്. നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. വിദേശ ഭീമന്മാര്‍ക്ക് മത്സ്യസമ്പത്ത് തീറെഴുതിക്കൊടുത്ത ചരിത്രമാണ് കോണ്‍ഗ്രസിനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ കേരള തീരത്തു ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പങ്കെടുത്തെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan on Deep Sea Fish Catching Troller Controversy