തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ ഇന്ന് നടക്കുന്ന സംയുക്ത പ്രതിഷേധം നാടിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
‘പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ കശാപ്പുചെയ്യുകയാണ്. അതിനു നേതൃത്വം വഹിക്കുന്നത് രാജ്യം ഭരിക്കുന്ന കക്ഷി തന്നെയാണ്. ആ കക്ഷിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റു സ്വഭാവമുള്ള ആര്‍.എസ്.എസാണ്.’
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ 10 മണി മുതലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ സത്യാഗ്രഹമിരിക്കുന്നത്.
നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യമെങ്ങും പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും നേതൃത്വത്തില്‍ സമരത്തിനിറങ്ങുന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സംയുക്ത സത്യഗ്രഹം നടത്തുകയാണ്.
ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിത്തറ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഐക്യത്തിലൂന്നിയ സഹവര്‍ത്തിത്വമാണ്. മതേതര രാഷ്ട്രം എന്ന് നാം പറയുന്നത്, എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും സ്വതന്ത്രമായി, ഭയമില്ലാതെ ജീവിക്കാനാവുന്ന നാടാണ് നമ്മുടേത് എന്നത് കൊണ്ടാണ്. ആ സവിശേഷതകള്‍ക്കു കാവലാളാണ് രാജ്യത്തിന്റെ ഭരണഘടന. ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആദ്യത്തെ ആക്രമണം ഭരണഘടനയ്ക്ക് നേരെ ആകുന്നതിന്റെ കാരണവും അത് തന്നെയാണ്. സാമ്രാജ്യത്വത്തിന്റെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിച്ച എല്ലാത്തിനെയും; എല്ലാ സ്മരണകളെയും പ്രതീകങ്ങളെയും ആക്രമിക്കുകയാണ്. ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വെടിവെച്ചു കൊല്ലുന്നു. ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ കശാപ്പുചെയ്യുകയാണ്. അതിനു നേതൃത്വം വഹിക്കുന്നത് രാജ്യം ഭരിക്കുന്ന കക്ഷി തന്നെയാണ്. ആ കക്ഷിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റു സ്വഭാവമുള്ള ആര്‍ എസ് എസാണ്.
മതത്തെ അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്ന ഭരണഘടനാവിരുദ്ധമായ നിയമമാണ് പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിന്റെ തുടര്‍ച്ചയായി ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുന്നു. വലിയ ആശങ്കയാണ് ഈ നിയമം ജനങ്ങളില്‍ സൃഷ്ടിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് വൈകാരികമായ പ്രതിഷേധപ്രകടനങ്ങള്‍. ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തിഒല്‍ വിശ്വസിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാവില്ല. കേരളത്തില്‍ ഒറ്റക്കെട്ടായ പ്രതിരോധം ഉയരുന്നതിന്റെ പശ്ചാത്തലം ഇതാണ്. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതൃത്വവും സമൂഹത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഒത്തൊരുമിച്ചു പ്രതിഷേധമായി രംഗത്തിറങ്ങുകയാണ്. അതിന്റെ തുടക്കം എന്ന നിലയില്‍ തിങ്കളാഴ്ച രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സത്യഗ്രഹ സമരം നടക്കും. ഈ സത്യഗ്രഹം നാടിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ളതാണ്.
പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടതോടെ രാജ്യത്തു പൊടുന്നനെ അശാന്തി പടര്‍ന്നു. സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറയ്ക്കല്‍, തൊഴിലാളിവിരുദ്ധ തൊഴില്‍ നിയമഭേദഗതി, പട്ടിണി, വിലക്കയറ്റം തുടങ്ങിയ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ വര്‍ഗീയമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കപ്പെടുന്നതിലേക്കു മാറിയിരിക്കുന്നു. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചു ബിജെപി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാസാക്കിയതോടെ രാജ്യത്ത് ഗുരുതരമായ സ്ഥിതിയാണുണ്ടായത്. ‘ഭരണഘടന അനുശാസിച്ചിരുന്ന സമത്വമെന്ന ആശയം ദുര്‍ബലപ്പെടുന്നതാണ്’ ഈ നിയമം എന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി വിലയിരുത്തുന്നു. പൗരത്വം ആഗ്രഹിക്കുന്ന ആളുകളില്‍ വിവേചനപരമായ സ്വാധീനം ചെലുത്തുമെന്നതാണ് പൗരത്വ നിയമത്തിലെ ഭേദഗതി എന്നാണു യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാച്ചലെറ്റിന്റെ വക്താവ് ജെറമി ലോറന്‍സ് അഭിപ്രായപ്പെട്ടത്.
രാജ്യത്തിന്റെ പലഭാഗത്തും പ്രക്ഷോഭം തുടരുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളുടെ എണ്ണം ഇരുപതു കോടിയിലേറെയാണ്. വിദ്യാഭ്യാസ കാര്യത്തില്‍, സര്‍ക്കാര്‍ സര്‍വീസ് പ്രവേശന കാര്യത്തില്‍, സാമ്പത്തിക ജീവിതകാര്യത്തില്‍ ഒക്കെ ദയനീയമായി പിന്നോക്കം നില്‍ക്കുന്ന മുസ്ലിം അവസ്ഥയെ സച്ചാറിന്റേതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ വരച്ചു കാട്ടുന്നുണ്ട്. ആ പിന്നോക്കാവസ്ഥയും ദയനീയാവസ്ഥയും പരിഹരിക്കാന്‍, ഇടപെടുന്നതിന് പകരമാണ് മതത്തിന്റെ പേരില്‍ കൂടുതല്‍ വിവേചനം കാട്ടാനുള്ള ആക്രമണങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ളത്.
പൗരത്വ ബില്ലിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ബിജെപിയുടെ സഖ്യകക്ഷികള്‍ പോലും എതിര്‍ത്തതാണ്. ആ എതിര്‍പ്പ് തങ്ങളുടെ ലക്ഷ്യത്തെ ബാധിക്കും എന്ന് ബിജെപി നേതൃത്വം മനസ്സിലാക്കിയത് കൊണ്ടാണ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കാന്‍ കഴിയാതിരുന്നത്. അതേ ബില്‍ വീണ്ടും കൊണ്ടുവന്നു പാസാക്കിയിരിക്കുന്നു.
ഒരു നീതീകരണവും ഇല്ലാത്ത വിവേചനമാണ് അരങ്ങേറുന്നത്. മൂന്നു അയല്‍ രാജ്യങ്ങളിലെ ഹിന്ദു, പാര്‍സി, ജൈന, ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ തന്നെയാണ് മുസ്ലിങ്ങളെ ഒഴിവാക്കി നിര്‍ത്തുന്നത്. വര്‍ഗീയമായ ഇരട്ടത്താപ്പ് എന്നല്ലാതെ മറ്റൊരു വിശേഷണവും ഇതിനില്ല. ഇന്ത്യന്‍ ഭരണഘടനക്കു മുതല്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ചാര്‍ട്ടറിനു വരെ വിരുദ്ധമാണ് സാമാന്യനീതിക്കു നിരക്കാത്ത ഈ ബില്‍. അവസര സമത്വം, തുല്യനീതി എന്നതൊന്നും വെറും വാക്കുകളല്ല. ആ മൂല്യങ്ങള്‍ തകര്‍ന്നാല്‍ എങ്ങനെയാണ് ഇന്ത്യയ്ക്ക് മതേതര- ജനാധിപത്യ രാഷ്ട്രമായി നില്‍ക്കാന്‍ കഴിയുക?
ഭരണഘടനയെ അട്ടിമറിക്കുകയാണ്. ഭരണഘടനയിലെ പൗരത്വസങ്കല്‍പമാണു ഏകപക്ഷീയമായി മാറ്റിമറിച്ചത്. ജാതി, മതം, വര്‍ഗം, ലിംഗം, ജനനസ്ഥലം എന്നിവ മുന്‍നിര്‍ത്തി വിവേചനം പാടില്ല എന്നതാന് ഭരണഘടനാ തത്വം. നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെങ്കിലും പൗരത്വ ഭേദഗതി നിയമം മൗലികാവകാശങ്ങള്‍ ധ്വംസിക്കുന്നതാണ്. ഭരണഘടനാ വിരുദ്ധമായ നിയമം നിലനില്പില്ലാത്താണ്.
2024ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പൗരത്വ പട്ടിക പുതുക്കുകയാണ് ബില്ലിന്റെ ഒരു രാഷ്ട്രീയ ഉദ്ദേശം. അത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏറെക്കുറെ പരസ്യമായി സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തു ന്യൂനപക്ഷജനവിഭാഗങ്ങളുടെ സാന്നധ്യം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ് ഈ നീക്കങ്ങളാകെ. ഈ നിയമത്തിന്റെ പ്രത്യാഘാതം ചെറുതാകില്ല. ശ്രീലങ്കയിലെ തമിഴ് വംശജരെയും മ്യാന്‍മറിലെ റോഹിങ്ക്യകളെയും പോലെ വലിയ ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതാണ് അത്. മതനിരപേക്ഷമായ ഒരു രാജ്യത്ത് പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നുവെന്നത് ഉല്‍ക്കണ്ഠാജനകമാണ്. ആ ഉത്കണ്ഠയാണ് തിങ്കളാഴ്ചത്തെ സത്യാഗ്രഹത്തിലൂടെ കേരളം ലോകത്തോട് പങ്കുവയ്ക്കുന്നത്.
സാമാന്യ ജനതയുടെ ജീവല്‍പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തന്ത്രം സംഘപരിവാര്‍ പഠിച്ചത് അവരുടെ രാഷ്ട്രീയ യജമാനന്മാരില്‍ നിന്നാണ്. സ്വാതന്ത്ര്യസമര കാലത്ത് അന്നത്തെ സംഘനേതൃത്വം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പാദസേവകരായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമ്പാദനത്തിലോ ഭരണഘടനയുടെ നിര്‍മ്മിതിയിലോ യാതൊരു പങ്കും വഹിക്കാത്തവരാണ് ആര്‍എസ്എസ്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഭിന്നിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളതും വര്‍ഗീയ വിദ്വേഷം പടര്‍ത്തിയിട്ടുള്ളതുമൊക്കെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുകയും അവയ്ക്കെതിരായ ജനകീയ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്ത ഘട്ടങ്ങളിലാണ്.
ഹിറ്റ്ലറെയും മുസ്സോളിനിയെയും പോലുള്ള ഫാസിസ്റ്റുകളാണ് സംഘപരിവാറിന്റെ കാണപ്പെട്ട ദൈവങ്ങള്‍. ആര്യന്മാരാണ് ഏറ്റവും ഉയര്‍ന്ന വംശം എന്ന ഹിറ്റ്ലറുടെ ആശയമാണ് സംഘപരിവാറിന്റെ ആശയ അടിത്തറ. രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയാതെ നിന്ന ഘട്ടങ്ങളിലെല്ലാം വംശീയ വിദ്വേഷം പടര്‍ത്തിയും ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തിയും രംഗത്തിറങ്ങിയ ഫാസിസ്റ്റു പാരമ്പര്യം തുടരാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ വിനാശ അജണ്ടയ്‌ക്കെതിരായ കേരളത്തിന്റെ ഉറച്ച ശബ്ദം കൂടിയാണ് തിങ്കളാഴ്ച രക്തസാക്ഷി മണ്ഡപത്തെ സാക്ഷി നിര്‍ത്തി ഉയരുക.
WATCH THIS VIDEO: