| Monday, 27th July 2020, 6:59 pm

ഇതിന് നേതൃത്വം കൊടുക്കാന്‍ ജനപ്രതിനിധി ഉണ്ടായി എന്നത് അപമാനകരം; ബി.ജെ.പി കൗണ്‍സിലര്‍ ശവസംസ്‌കാരം തടഞ്ഞ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ ബി.ജെ.പി കൗണ്‍സിലറുടെ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്ന കൃത്യമായ പ്രോട്ടോകോള്‍ പാലിച്ചാണ്. കൊവിഡ് കാരണം മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ രോഗം പകരുമോ എന്നാണ് ചിലരുടെ ആശങ്ക.

മൃതദേഹങ്ങളില്‍ നിന്ന് രോഗം പകരാന്‍ നേരിയ സാധ്യത മാത്രമാണുള്ളത്. മൃതദേഹത്തില്‍ ചുംബിക്കുന്നത് പോലുള്ള സംഭവങ്ങളിലൂടെയാണ് രോഗം പകരുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘രോഗം പകരുന്ന ശരീരസ്രവങ്ങളിലെ കണങ്ങളിലൂടെയാണ്. യുക്തിയ്ക്ക് നിരക്കാത്തതാണ് മറിച്ചുള്ള ആശങ്കകള്‍’, മുഖ്യമന്ത്രി പറഞ്ഞു.

യഥാര്‍ത്ഥത്തിലുള്ള പ്രശ്‌നം ഇത്തരം സന്ദര്‍ഭങ്ങളിലുണ്ടാകുന്ന ആള്‍ക്കൂട്ടമാണ്. അവിടെ കൂടുന്നവരില്‍ രോഗവ്യാപനമുണ്ടാകും.

ഇത് സാധൂകരിക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനോടകം ഉണ്ടായിക്കഴിഞ്ഞു. അക്കാര്യമാണ് നാം ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും ഉണ്ടാക്കുന്ന തെറ്റിദ്ധാരണയുടെ പുറത്ത് കൂട്ടംകൂടുകയല്ല വേണ്ടത്.

അതിന് നേതൃത്വം കൊടുക്കാന്‍ ജനപ്രതിനിധി പോലും ഉണ്ടായി എന്നത് അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.

കൊവിഡ് ബാധിച്ച് മരിച്ച ചുങ്കം സി.എം.എസ് കോളെജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജിന്റെ മൃതദേഹം മുട്ടമ്പലം നഗരസഭാ ശ്മശാനത്തില്‍ അടക്കുന്നതിനെതിരെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് പ്രതിഷേധിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ മുട്ടമ്പലം ശ്മശാനത്തില്‍ തന്നെ വന്‍ പൊലീസ് സന്നാഹത്തോടെ അടക്കം ചെയ്തിരുന്നു.

ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെ മൃതദേഹം സംസ്‌ക്കരിക്കണമെന്നാണ് ഹരികുമാര്‍ ആവശ്യപ്പെട്ടിരുന്നത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല.

അതേസമയം പ്രതിഷേധത്തിനിടെ എഴുന്നേറ്റ് പോകാനാത്തവരെ ഭീഷണിപ്പെടുത്തി കൗണ്‍സിലര്‍ അവിടെ ഇരിക്കണമെന്നും താനേ ഇവര്‍ക്കൊപ്പം കാണൂ എന്നും പറഞ്ഞിരുന്നു. നഗരസഭാ ശ്മശാനത്തിന്റെ കവാടം പൊലീസ് തുറന്നതോടെ നാട്ടുകാര്‍ കൂടിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ കൗണ്‍സിലറടക്കം കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more