| Thursday, 18th March 2021, 11:27 am

രാജഗോപാല്‍ എന്തെങ്കിലും പറയുമ്പോള്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെവിയില്‍ പഞ്ഞികേറ്റിയ അവസ്ഥയാണ്: പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യത്തെക്കുറിച്ച് ഒ.രാജഗോപാല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജഗോപാല്‍ എന്തെങ്കിലും പറയുമ്പോള്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെവിയില്‍ പഞ്ഞികേറ്റിയ അവസ്ഥയാണ്. നിങ്ങള്‍ കേട്ടിട്ടുണ്ടോ രാജഗോപാല്‍ പറഞ്ഞത്. പല മാധ്യമങ്ങള്‍ക്കും അത് വാര്‍ത്തയല്ല’, പിണറായി പറഞ്ഞു.

ബാലശങ്കറിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ച യു.ഡിഎഫിന്റെ നേതാക്കന്‍മാര്‍ക്ക് നാണമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യമുണ്ടായിരുന്നെന്നായിരുന്നു രാജഗോപാലിന്റെ പ്രസ്താവന. ഈ സഖ്യം ബി.ജെ.പിക്ക് കൂടുതല്‍ വോട്ട് നേടാനും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ പ്രദേശങ്ങളില്‍ ഗുണമുണ്ടായെന്നും രാജഗോപാല്‍ പറഞ്ഞു.

പൊതു ശത്രുവിനെ തോല്‍പ്പിക്കാനുള്ള അഡ്ജസ്റ്റുമെന്റുകളില്‍ തെറ്റില്ലെന്നും എന്നാല്‍ സഖ്യങ്ങളിലൂടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ കൊള്ളരുതായ്മക്ക് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇത് തള്ളി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

‘മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള രഹസ്യധാരണ ആര്‍. ബാലശങ്കറിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നു. അതില്‍ അവര്‍ക്കുണ്ടായ വെപ്രാളം മറച്ചുവെക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കിയപ്പോള്‍ കിട്ടിയ ആരോപണമാണിത്. കേരളീയ സമൂഹം വലിച്ചെറിഞ്ഞ ആരോപണമാണിത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബി.ജെ.പിക്കും ഇന്ന് സംഭവിച്ച ആശയ അപചയമാണ് ഇതിന് കാരണം,’ മുല്ലപ്പള്ളി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan O Rajagopal Kerala Media Congress League BJP

We use cookies to give you the best possible experience. Learn more