| Saturday, 11th August 2018, 1:52 pm

'വീടൊക്കെ നമുക്ക് പുതിയതുണ്ടാക്കാം, വിഷമിക്കേണ്ട, നിങ്ങളുടെ ജീവനാണ് ഞങ്ങള്‍ക്ക് വലുത്' ദു:ഖം പങ്കുവെച്ച വീട്ടമ്മയോട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്ന വയനാട്ടുകാരെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ബത്തേരി സെന്റ് മേരീസ് കോളജിലെത്തിയ അദ്ദേഹം ആദ്യമെത്തിയത് മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. വെള്ളം കയറി വീടുകള്‍ തകര്‍ന്നതിനെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്.

എത്രയും പെട്ടെന്ന് വീടിന്റെ അറ്റകുറ്റിപ്പണിക്കും മറ്റുമുള്ള സൗകര്യമുണ്ടാക്കണമെന്ന് ക്യാമ്പിലുള്ളവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

“വീടൊക്കെ നമുക്ക് പുതിയതുണ്ടാക്കാം, വിഷമിക്കേണ്ട, നിങ്ങളുടെ ജീവനാണ് ഞങ്ങള്‍ക്ക് വലുത്” എന്നു പറഞ്ഞാണ് ഒരു വീട്ടമ്മയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചത്.

Also Read:വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം; ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം: ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് വയനാടിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ വെള്ളക്കെട്ടിലായിരുന്നു. കോട്ടത്തറ, പടിഞ്ഞാറെത്തറ മേഖലകളിലുള്ളവരെയാണ് ഏറ്റവുമധികം മഴക്കെടുതി ബാധിച്ചത്. 2744 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.

2744 കുടുംബങ്ങളിലെ 10649 പേരാണ് 133 ദുരിതാശ്വാസ ക്യാമ്പുകളിലായി അഭയം തേടിയത്. പനമരം മേഖലയിലാണ് കൂടുതല്‍ ക്യാമ്പുകളുള്ളത്.

കാലവര്‍ഷക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപയും ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

Also Read:ബി.ജെ.പി നേതാവ് മാലയിട്ട അംബേദ്കര്‍ പ്രതിമ “ശുദ്ധീകരിച്ച്” ദളിതര്‍

ഒരു കുടുംബത്തിന് സൗജന്യ റേഷന് 3800 രൂപ നല്‍കും. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.

We use cookies to give you the best possible experience. Learn more