മലബാര്‍ സമരത്തെ വര്‍ഗീയവത്കരിക്കുന്നത് സംഘപരിവാര്‍ അജണ്ട; സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരെ ധീരന്‍മാരാക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി
Malabar rebellion
മലബാര്‍ സമരത്തെ വര്‍ഗീയവത്കരിക്കുന്നത് സംഘപരിവാര്‍ അജണ്ട; സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരെ ധീരന്‍മാരാക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th September 2021, 7:55 pm

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരെ ധീരന്‍മാരാക്കാനും, സ്വാതന്ത്ര്യസമര ഏടുകളെ മായ്ച്ചുകളയാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മലബാര്‍ കലാപം, നൂറ് വര്‍ഷം, നൂറ് സെമിനാര്‍’ എന്ന ഡി.വൈ.എഫ്.ഐ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വാതന്ത്ര്യ ചരിത്രത്തിലെ ബ്രിട്ടീഷുകാരുടെ അതേ വാചകങ്ങളും വാദങ്ങളുമാണ് ഇന്ന് സംഘപരിവാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘മലബാര്‍ സമരത്തെ വര്‍ഗീയവത്കരിക്കുന്നത് സംഘപരിവാര്‍ അജണ്ടയാണ്. വ്യാജ ചരിത്രനിര്‍മിതിയാണ് സംഘപരിവാര്‍ നടത്തുന്നത്. ജീവത്യാഗം വരെ അനുഭവിച്ചവര്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ അല്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.

മലബാര്‍ കലാപത്തെ ബ്രിട്ടിഷുകാര്‍ വര്‍ഗീയമായി മുദ്രകുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമരത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ബ്രിട്ടന്‍ സ്വീകരിച്ച കുതന്ത്രമായിരുന്നു മലബാര്‍ കലാപ ചരിത്രത്തെ വക്രീകരിച്ചുകൊണ്ട് നടത്തിയത്. ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടിനെ അന്ന് പിന്തുണച്ചവര്‍ ഇപ്പോഴും അതിനെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘മലബാര്‍ കലാപത്തിന്റെ ലക്ഷ്യം മുസ്‌ലിം രാഷ്ട്രം സ്ഥാപിക്കലായിരുന്നു എന്നാണ് ചില വര്‍ഗീയ സംഘടനകള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും എതിരായ സമരമായിരുന്നു മലബാര്‍ കലാപം. വിവരിക്കാനാകാത്ത നിഷ്ഠൂരതയാണ് ബ്രീട്ടീഷുകാരുടെ ഭാഗത്തു നിന്നും ജന്മിമാരില്‍ നിന്നും അന്നുണ്ടായത്,’ പിണറായി പറഞ്ഞു.

മലബാര്‍ കലാപത്തെ വര്‍ഗീയവത്കരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചരിത്ര കൗണ്‍സിലും അംഗീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ബ്രിട്ടീഷുകാരുടെ പാദ സേവകര്‍ ഇന്നും ചെയ്യുന്നത്.

‘ഹൈന്ദവ രാഷ്ട്രം രൂപീകരിക്കാനുള്ള നീക്കത്തില്‍ സംഘപരിവാരിനു ആശയപരമായ തടസം നില്‍ക്കുന്നത് നമ്മുടെ ചരിത്രമാണ്. അതില്ലാതാക്കാനുള്ള വിശാല പദ്ധതിയുടെ ഭാഗമാണ് മലബാര്‍ കലാപത്തിനെതിരെയുള്ള നീക്കം,’ മുഖ്യമന്ത്രി പറഞ്ഞു.

മലബാര്‍ കലാപത്തില്‍ മുസ്‌ലിങ്ങള്‍ മാത്രമായിരുന്നു എന്നാണ് ചിലര്‍ ആരോപിക്കുന്നത്. കുന്നപ്പള്ളി അച്ചുതന്‍ നായര്‍, മേലേടത്ത് ശങ്കരന്‍ നായര്‍ തുടങ്ങിയവരും വാഗണ്‍ ട്രാജഡിയില്‍ ഉള്‍പ്പെട്ടവരാണ്. ബ്രിട്ടീഷ് വിരുദ്ധ സമരമായിരുന്നു പോരാട്ടത്തിന്റെ കാതല്‍.

കര്‍ഷക സമരത്തിലൂടെ രൂപപ്പെട്ട ഹിന്ദു- മുസ്‌ലിം ഐക്യവും മലബാര്‍ കലാപത്തിന് ശക്തി പകര്‍ന്നു. മലബാര്‍ കലാപത്തിന്റെ സംയുക്ത സമര സമിതിയില്‍ ഒരു തരത്തിലുള്ള മതഭേദവും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലി മുസ്‌ലിയാരുടെ ധീരത, ബ്രിട്ടീഷ് സാമ്രാജ്യത്യ വിരുദ്ധത എന്നിവയെല്ലാം മത ഭേദമില്ലത്തതായിരുന്നു. ബ്രിട്ടീഷുകാരെ ജന്മികള്‍ സഹായിച്ചപ്പോള്‍, കലാപത്തിന്റെ സ്വഭാവം ബ്രിട്ടീഷ് വിരുദ്ധവും ജന്മി വിരുദ്ധവുമായി മാറുകയായിരുന്നു. പുറമേ ഒറ്റുകാര്‍ക്കെതിരേയുമുള്ള പ്രക്ഷോഭമായി മലബാര്‍ സമരം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രക്ഷോഭത്തിനിടെ നടന്ന കൊള്ളിവെപ്പിന്റെയും അനിഷ്ട സംഭവങ്ങളുടെയും പേരില്‍ സമരത്തെ മൊത്തത്തില്‍ തള്ളിപ്പറയരുത്. കൊള്ള ചെയ്യുന്ന ഏതു മാപ്പിളയേയും എന്റെ കൈയില്‍ കിട്ടിയാല്‍ അവന്റെ വലതു കൈ ഞാന്‍ വെട്ടി മുറിക്കുമെന്നാണ് വാരിയന്‍കുന്നത്ത് പറഞ്ഞത്.

ഇത് അക്രമത്തെ എതിര്‍ത്ത മാധവന്‍ നായരുടെ പുസ്തകത്തിലും പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pinaray Vijayan Malabar Rebellion RSS Sanghaparivar