തിരുവനന്തപുരം: കെ.ടി. ജലീല്‍ ഉന്നയിച്ച എ.ആര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയില്‍ ഇ.ഡി അന്വേഷണങ്ങള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ഇ.ഡി പലതവണ ചോദ്യം ചെയ്തതിനാല്‍ വിശ്വാസം കൂടിയിട്ടുണ്ടാകും. പ്രസ്തുത വിഷയത്തില്‍ സഹകരണവകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ ഹൈക്കോടതി സ്‌റ്റേ ഉള്ളതിനാലാണ് മുന്നോട്ടുപോകാത്തത്,’ മുഖ്യമന്ത്രി പറഞ്ഞു.
ഇ.ഡി അന്വേഷണമെന്ന ആവശ്യം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെയുള്ള അന്വേഷണ ഏജന്‍സികള്‍ കൃത്യമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ വ്യവസായ മന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണവുമായാണ് കഴിഞ്ഞ ദിവസം കെ.ടി. ജലീല്‍ രംഗത്തെത്തിയത്.
എ.ആര്‍. നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നും ഇതിന്റെ മുഖ്യസൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ ആരോപിച്ചു.
കുഞ്ഞാലിക്കുട്ടിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ബിനാമിയും ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന വി.കെ. ഹരികുമാറിനും തട്ടിപ്പില്‍ വലിയ പങ്കാണുള്ളതെന്ന് ജലീല്‍ പറഞ്ഞു.
‘പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആര്‍. നഗര്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ 50,000ല്‍ പരം അംഗങ്ങളും 80,000ല്‍ അധികം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമര്‍ ഐ.ഡികളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേര്‍ന്ന് നടത്തിയിരിക്കുന്നത്,’ ജലീല്‍ പറഞ്ഞു.
എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ മുഴുവന്‍ കസ്റ്റമര്‍ ഐ.ഡികളും പരിശോധിച്ചാല്‍ കള്ളപ്പണ ഇടപാടില്‍ രാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകല്‍ കൊള്ളയുടെ ചുരുളഴിയും. ഈ സഹകരണ സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കായാണ് മാറ്റിയിരിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞും കേരളത്തിലെ വ്യവസായ മന്ത്രിമാരായിരിക്കെ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടക്കുകയാണ്.
ഈ അഴിമിതിയില്‍ ലഭിച്ച പണമായിരിക്കാം എ.ആര്‍. നഗര്‍ ബാങ്കിലെ വ്യാജ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് തീയതികളും വര്‍ഷവും പരിശോധിക്കുമ്പോള്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ഒരു റാന്‍ഡം പരിശോധനയില്‍ കണ്ടെത്തിയ 257 കസ്റ്റമര്‍ ഐ.ഡി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ എ.ആര്‍. നഗര്‍ സഹകരണ ബാങ്കിലെ മുഴുവന്‍ കസ്റ്റമര്‍ ഐ.ഡികളും പരിശോധിക്കപ്പെട്ടാല്‍ കള്ളപ്പണ ഇടപാടില്‍ രാജ്യത്തെതന്നെ ഞെട്ടിക്കുന്ന പകല്‍ കൊള്ളയുടെ ചുരുളഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Pinaray Vijayan KT Jaleel ED AR Bank