തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിന് വേണ്ടി പ്രതിബദ്ധതയോടെ നീങ്ങുന്ന സര്‍ക്കാര്‍ എന്ന നിലയ്ക്ക് ബജറ്റിന് താങ്ങാനാവാത്ത തരത്തിലുള്ള വികസന പദ്ധതികള്‍ ഏറ്റെടുക്കണമെങ്കില്‍ ധന സ്രോതസ്സുകള്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ അമ്പതിനായിരം കോടി രൂപയുടെ വികസന പദ്ധതികളെങ്കിലും നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആലോചന. നിലവില്‍ 55,000 കോടി രൂപ ചെലവഴിക്കേണ്ടി വരുന്ന പദ്ധതികളിലേക്ക് എത്തിക്കഴിഞ്ഞു. പലതും പൂര്‍ത്തിയാക്കി,. അതിനിടയിലാണ് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കം നടക്കുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളുടെ വികസന പ്രതീക്ഷ വലുതായിരുന്നു. എന്നാല്‍ വികസന പ്രതീക്ഷ നിറവേറ്റാന്‍ ആവശ്യമായ വിഭവം നമുക്കില്ലായിരുന്നു. വരുമാന സ്രോതസുകള്‍ ഇതിനനുസരിച്ച് വര്‍ധിക്കേണ്ടതുണ്ടായിരുന്നു. അതിനെന്താണ് മാര്‍ഗം എന്നാലോചിച്ചു.
നിലവില്‍ കിഫ്ബി എന്ന സംവിധാനമുണ്ടായിരുന്നു. അതിനെ വിപുലീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെയാണ് കിഫ്ബി നാടാകെ അറിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ സര്‍ക്കാരുകളും കിഫ്ബിയെ ഉപയോഗിച്ചു. ഈ സര്‍ക്കാര്‍ നാടിന്റെ വികസനത്തിനായി അതിനെ വിപുലപ്പെടുത്തി. ബജറ്റിന് താങ്ങാനാകാത്ത വികസന പദ്ധതി ഏറ്റെടുക്കണമെങ്കില്‍ പുതിയ ധനസ്രോതസ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഫ്ബി വന്നപ്പോള്‍ത്തന്നെ അതിനെ പരിഹസിച്ചവരുണ്ട്. തകര്‍ക്കാനുള്ള നീക്കവുമായി ആരെങ്കിലും വന്നാല്‍ നിന്നുകൊടുക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂളുകളുടെ നിലവാരം ഉയരുന്നത് നാട് ഒന്നാകെ ആഗ്രഹിക്കുന്നതാണ്. അന്തരാഷ്ട്ര നിലവാരത്തിലേക്ക് സ്‌കൂളുകള്‍ മാറുന്നത് ആരെയാണ് അസ്വസ്ഥപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
വികസനത്തിന് പാരപണിയണമെന്ന് ആരെങ്കിലും ചിന്തിക്കുമോ? ചിന്തിക്കുന്ന ചിലരുണ്ടാകും. നമുക്ക് പണത്തിന് ക്ഷാമമുണ്ട്. കിഫ്ബിയിലൂടെയാണ് പണം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു സംഘപരിവാര്‍ നേതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. അതിന് വാദിക്കാന്‍ ചെല്ലുന്നത് കെ.പി.സി.സിയുടെ ഭാരവാഹിയാണ്. നല്ല ഐക്യം. എന്തിനുവേണ്ടി? എന്താണ് ഉദ്ദേശം? നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ തകര്‍ക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. അതിന് ഈ നാട് കൂടെ നില്‍ക്കില്ല”, മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയുടെ പദ്ധതികള്‍ തങ്ങളുടെ മണ്ഡലത്തില്‍ വേണ്ട എന്ന നിലപാടെടുക്കാന്‍ പ്രതിപക്ഷ നേതാവിനടക്കം കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക