ഉദുമയില്‍ കെ.ജി മാരാരുടെ ചീഫ് ഏജന്റായിരുന്നു പിണറായി വിജയന്‍; സി.പി.ഐ.എം-ബി.ജെ.പി ധാരണയുണ്ടായിരുന്നെന്ന് ശരിവെച്ച് എം.ടി രമേശ്
Kerala Election 2021
ഉദുമയില്‍ കെ.ജി മാരാരുടെ ചീഫ് ഏജന്റായിരുന്നു പിണറായി വിജയന്‍; സി.പി.ഐ.എം-ബി.ജെ.പി ധാരണയുണ്ടായിരുന്നെന്ന് ശരിവെച്ച് എം.ടി രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th March 2021, 12:33 pm

കോഴിക്കോട്: സംസ്ഥാനത്ത് സി.പി.ഐ.എം-ബി.ജെ.പി ധാരണയുണ്ടായിരുന്നെന്ന് ശരിവെച്ച് ബി.ജെ.പി നേതാവ് എം.ടി രമേശ്. 15 വര്‍ഷം മുന്‍പ് സി.പി.ഐ.എം-ബി.ജെ.പി ധാരണയുണ്ടായിരുന്നെന്ന് എം.ടി രമേശ് പറഞ്ഞു.

ഉദമുയില്‍ കെ.ജി മാരാര്‍ മത്സരിച്ചപ്പോള്‍ പിണറായി വിജയനായിരുന്നു ചീഫ് ഏജന്റെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ കേരളത്തില്‍ സി.പി.ഐ.എം-ബി.ജെ.പി കൂട്ടുക്കെട്ടാണെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ പറഞ്ഞിരുന്നു.

ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് കാരണം ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള കൂട്ടുകെട്ടാണെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം. കോന്നിയില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ നടന്നിട്ടുണ്ടാകാമെന്നും ചെങ്ങന്നൂരും ആറന്മുളയിലും സി.പി.ഐ.എമ്മിന് വിജയം ഉറപ്പിക്കുന്നതിന് കോന്നിയില്‍ പ്രത്യുപകാരം എന്നതായിരിക്കും ആ ഡീല്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഞ്ചേശ്വരത്തിന് പുറമെ, കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതായ സുരേന്ദ്രന്‍ എന്തിനാണ് വീണ്ടും അവിടെതന്നെ മത്സരിക്കുന്നതെന്നും ആര്‍.ബാലശങ്കര്‍ ചോദിച്ചിരുന്നു.

നേരത്തെ ആര്‍. ബാലശങ്കറിനെ ചെങ്ങന്നൂരില്‍ പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് ചെങ്ങന്നൂരില്‍ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാറാണ് ഇവിടെ സ്ഥാനാര്‍ത്ഥി.

കേരളത്തില്‍ ബി.ജെ.പിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാധ്യതയും ഇതോടെ ബി.ജെ.പി കളഞ്ഞു കുളിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ കേരളത്തില്‍നിന്നു വിജയിക്കുന്നത് തടയണമെന്ന താല്‍പര്യമാണ് ഇതിന് പിന്നില്‍. കേരളത്തില്‍ ബി.ജെ.പി. നന്നാവരുതെന്ന നിര്‍ബ്ബന്ധവുമുണ്ട്. ചെങ്ങന്നൂരും ആറന്മുളയിലും ഇപ്പോള്‍ ബി.ജെ.പി നിര്‍ത്തിയിട്ടുള്ള സ്ഥാനാര്‍ത്ഥികളെ നോക്കൂ. ബി.ജെ.പിക്ക് ഒരു ശബ്ദം കൊടുക്കാന്‍ പോലും കഴിവില്ലാത്ത സ്ഥാനാര്‍ത്ഥികളാണവര്‍. കൈപ്പിടിയിലായ രണ്ടു മണ്ഡലങ്ങളാണ് ബി.ജെ.പി. കളഞ്ഞുകുളിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

‘എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഒരുപോലെ പിന്തുണച്ചിരുന്നു. ബി.ജെ.പിക്ക് ഇക്കുറി ജയസാധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍,’ എന്നും അദ്ദേഹം പറഞ്ഞു.

അമിത്ഷായ്ക്കും മോദിക്കും വരെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. മോദിയുടെ അറിവോടുകൂടിയാണ് താന്‍ കേരളത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan KG Marar MT Ramesh CPIM BJP