മോഹങ്ങളുണ്ടായിട്ടുണ്ടാകും, ആ മോഹങ്ങള്‍കൊണ്ടൊന്നും വിജയനെ വീഴ്ത്താന്‍ കഴിയില്ലെന്നുള്ളത് ഇതുവരെയുള്ള അനുഭവം കൊണ്ട് സുധാകരന് അറിയാം; സുധാകരന് പിണറായിയുടെ മറുപടി
തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജയനെ ചവിട്ടി വീഴ്ത്താമെന്ന മോഹം സുധാകരനുണ്ടായിരിക്കാമെന്നും എന്നാല്‍ അതിനാകില്ലെന്ന് സ്വന്തം അനുഭവം കൊണ്ട് തന്നെ അദ്ദേഹത്തിനറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
ആര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന. പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടാകും. അന്ന് ഇന്നത്തെ സുധാകരനല്ല. കിട്ടിയാല്‍ തല്ലാമെന്നും ചവിട്ടി വീഴ്ത്താമെന്നും മനസില്‍ കണ്ടിട്ടാകും. തീര്‍ത്തും വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ പറയുമ്പോള്‍ എങ്ങനെ സത്യം പറയാതിരിക്കും.”
കെ.എസ്.എഫ്.-കെ.എസ്.യു. സംഘര്‍ഷത്തിനിടെ കോളേജിലെത്തിയ ഞാന്‍ അവിടെ സംഘര്‍ഷം ഒഴിവാക്കുകയാണ് ചെയ്തത്. ഞാന്‍ ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നില്ല. പരീക്ഷ വിദ്യാര്‍ഥി മാത്രമാണ് ഞാന്‍. പരീക്ഷ ബഹിഷ്‌കരണത്തിന്റെ ഭാഗമായി കെ.എസ്.എഫിന്റെ സമരം നടക്കുകയാണ്.
സമരത്തെ തടയാന്‍ കെ.എസ്.യുക്കാര്‍ എത്തി. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. അന്ന് സുധാകരനെ എനിക്ക് അറിയില്ല. സംഘര്‍ഷത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ നോക്കി. പക്ഷെ സംഗതി കൈവിട്ടു പോയി. ഈ ചെറുപ്പക്കാരന്റെ നേരെ ഞാന്‍ പ്രത്യേക രീതിയിലൊരു ആക്ഷന്‍ എടുത്തു. ശരീരം തൊട്ടില്ല. ഒന്നും ചെയ്തില്ല. ആക്ഷന് പിന്നാലെ ചില വാക്കുകളും പുറത്തുവന്നു. പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന്‍ എന്നാണ് ഞാന്‍ പറഞ്ഞത്. ഇതാണ് സംഭവിച്ചത്. സുധാകരന്‍ ഒന്ന് മനസിലാക്കിക്കോ. വിദ്യാര്‍ഥി അല്ലാത്തത് കൊണ്ട് മാത്രമാണ് ആ സംഘര്‍ഷം അവിടെ നിന്നത്.
മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞത്.
എസ്.എഫ്.ഐ. പഠിപ്പു മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി ബ്രണ്ണനിലെത്തിയത്. ആ സമരം പൊളിക്കാനായിരുന്നു കെ.എസ്.യുവിന്റെ പ്ലാന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്ലാസിലിരുത്തി ക്ലാസെടുക്കുകയായിരുന്നു. ഈ സമയം എ.കെ. ബാലന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു വന്നു. ഞാന്‍ രണ്ടാം നിലയിലെ കോണിപ്പടിയില്‍ നില്‍ക്കുകയായിരുന്നു.
ബാലന്‍ ഉള്‍പ്പെടെ എല്ലാവരേയും കെ.എസ്.യുക്കാര്‍ തല്ലിയോടിച്ചു. പരീക്ഷ ഹാളിലായിരുന്ന പിണറായി വിജയന്‍ സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിങ്ങോ എന്ന് ചോദിച്ചു. ഞാന്‍ കളരി പഠിക്കുന്ന സമയമായിരുന്നു അത്.
കോണിപ്പടിക്ക് ഇരുവശവും ഉണ്ടായിരുന്നവര്‍ ആര്‍പ്പു വിളിച്ചു. ഒന്നും ആലോചിച്ചില്ല. ഒറ്റ ചവിട്ട്. പിന്നാലെ കെ.എസ്.യു. പ്രവര്‍ത്തകര്‍ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി. പൊലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയത്.
പിന്നാലെ പിണറായി വിജയന്റെ നേതൃത്വത്തില്‍ സമരം നടന്നു. ഇതിനിടെ പിണറായി ഫ്രാന്‍സിസിന്റെ അരയിലെ പിച്ചാത്തിയെക്കുറിച്ച് പറഞ്ഞതും ഊരിപ്പിടിച്ച കത്തിയുമായി ഫ്രാന്‍സിസ് സ്റ്റേജിലേക്ക് കയറി. ഒഴിഞ്ഞു മാറിയതുകൊണ്ടാണ് പിണറായി രക്ഷപെട്ടത്. ഫ്രാന്‍സിസിന്റെ ആക്രമണത്തിനു പിന്നാലെ ഞാനും പ്രവര്‍ത്തകരും പിണറായിയെ തല്ലിയോടിച്ചു.