കര്‍ണന്‍ ടെസ്റ്റ്യൂബ് ശിശു, പശു ഓക്‌സിജന്‍ പുറത്തുവിടും; ബി.ജെ.പി നേതാക്കളുടെ മണ്ടത്തരം എടുത്തുപറഞ്ഞ് കേരളാ ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം
Kerala News
കര്‍ണന്‍ ടെസ്റ്റ്യൂബ് ശിശു, പശു ഓക്‌സിജന്‍ പുറത്തുവിടും; ബി.ജെ.പി നേതാക്കളുടെ മണ്ടത്തരം എടുത്തുപറഞ്ഞ് കേരളാ ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd February 2019, 1:43 pm

 

കൊല്ലം: ബി.ജെ.പി നേതാക്കളുടെ മണ്ടത്തരങ്ങള്‍ എടുത്തുപറഞ്ഞ് ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം. രാമായണത്തിനും മഹാഭാരതത്തിലും പല കാര്യങ്ങളും ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടെന്ന അവകാശവാദത്തോടെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ പ്രചരിപ്പിക്കുകയാണെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കൊല്ലത്ത് നടന്ന 31 ാമത് സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണന്‍ ടെസ്റ്റ് ട്യൂബ് ശിശുവത്രേ, പശു ഓക്‌സിജന്‍ പുറത്തുവിടുന്നു തുടങ്ങിയ മണ്ടത്തരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐതിഹ്യങ്ങളെയും പുരാണകഥാപാത്രങ്ങളെയും ശാസ്ത്രവുമായി കൂട്ടിക്കലര്‍ത്താനുള്ള ശ്രമം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുപോലും ഉണ്ടാവുകയാണ്. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ശാസ്ത്രീയ തെളിവുണ്ടെന്ന് പ്രചരിപ്പിച്ച് രാജ്യത്തിന്റെ പാരമ്പര്യം ഉറപ്പിക്കാനാണ് അക്കാദമിക് മേഖലയിലുള്ളവര്‍ മത്സരിക്കുന്നത്. വളര്‍ന്നുവരുന്ന തലമുറയുടെ ശാസ്ത്രബോധത്തെ യുക്തിരഹിതമാക്കുക എന്ന ലക്ഷ്യമിട്ട് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതാണ് ഇത്.

കേരളത്തിന്റെ കരുത്തായിരുന്ന ശാസ്ത്രബോധവും യുക്തിചിന്തയും കൈമോശം വന്നിരിക്കുകയാണ്. മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ സാക്ഷര കേരളവും പോകുകയാണ്. ഇതിനെതിരെ ബോധവത്ക്കരണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read:മമ്മൂട്ടി ഇവിടൊക്കെത്തന്നെയുണ്ടായിരുന്നു; ഉണ്ടോ എന്ന് നോക്കാന്‍ ആരുമില്ലായിരുന്നപ്പൊ എല്ലാവരും ശ്രദ്ധിക്കുന്നിടത്തേക്ക് മാറിനില്‍ക്കേണ്ടിവരുന്നെന്ന് മാത്രം

യുക്തിചിന്തയും ശാസ്ത്രബോധവും മുറുകെ പിടിച്ചതുകൊണ്ടാണ് വികസന സൂചികകളില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുകളിലെത്തിയത്. തെളിവ് ആവശ്യപ്പെടാനുള്ള വ്യഗ്രതയാണ് കേരളത്തിന്റെ പ്രത്യേകതയായി കണ്ടിരുന്നത്. നമ്മുടെ പ്രത്യേകതകളായിരുന്ന അന്ധമായി വിശ്വസിക്കാനുള്ള വിസമ്മതം, പരീക്ഷണ വ്യഗ്രത തുടങ്ങിയവയെല്ലാം കൈമോശംവന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.