| Saturday, 12th June 2021, 12:27 pm

'കഴുകനെ ഇമാമാക്കിയാല്‍ ശവത്തിലേ എത്തൂ'; പിണറായിയെ ഇമാമാക്കിയവര്‍ക്ക് കണക്കിന് കിട്ടിക്കൊണ്ടിരിക്കുകയാണെന്ന് ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്ഡൗണ്‍ കാലത്ത് പള്ളി തുറക്കുന്നതിന് സര്‍ക്കാര്‍ അനുവാദം നല്‍കാത്തതില്‍ പ്രതികരണവുമായി ഹദിയ (ഹുദാവിസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ട് ഇസ്‌ലാമിക് ആക്ടിവിറ്റീസ്) സംസ്ഥാന ജോയന്റ് സെക്രട്ടറി ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍.

ആരാധനാലയങ്ങളില്‍ നിയന്ത്രണ വിധേയമായി ഇളവുകളനുവദിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട പ്രതിപക്ഷ എം.എല്‍.എമാരോട് മത സംഘടനകള്‍ക്കില്ലാത്ത ദണ്ണം നിങ്ങള്‍ക്കെന്തിനാണ് എന്നാണ് ആരോഗ്യമന്ത്രി മറുപടി പറഞ്ഞതെന്ന് ജാബിര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

‘ചായക്കില്ലാത്ത ചൂട് ഗ്ലാസിനെന്തിന് എന്ന മട്ട്’, ജാബിര്‍ പറഞ്ഞു.

പകര്‍ച്ചവ്യാധിക്കാലത്ത് എവിടെയാണോ ഉള്ളത് അവിടെത്തന്നെ നില്‍ക്കണം എന്ന് ഹദീസോതിയാണ് പട്ടാമ്പി എം.എല്‍.എ. മുഹ്‌സിന്‍ മറുപടി പറഞ്ഞതെന്നും ജാബിര്‍ പറഞ്ഞു. പട്ടാമ്പിയില്‍ നിന്ന് തിരുവനന്തപുരത്ത് പോയിട്ടാണ് ഈ ഗീര്‍വാണമെന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കഴുകനെ ഇമാമാക്കിയാല്‍ ശവത്തിലേ എത്തൂ’ എന്ന് നാട്ടിക ഉസ്താദ് പറയാറുണ്ടായിരുന്നു. പിണറായിയെ ഇമാമാക്കിയവര്‍ക്ക്, സമുദായത്തിന്റെ പുതിയ മിശിഹയാക്കിയവര്‍ക്ക്, സ്റ്റേജിലും പേജിലും പ്രകീര്‍ത്തിച്ച് കൊണ്ടുനടന്നവര്‍ക്ക് കണക്കിന് കിട്ടിക്കൊണ്ടിരിക്കുകയാണ്,’ ജാബിര്‍ പറഞ്ഞു.

മലപ്പുറം ജില്ലക്ക് ജനസംഖ്യാനുപാതികമായി വാക്‌സിന്‍ അനുവദിക്കണമെന്ന ആവശ്യം വര്‍ഗീയമാണെന്നാണ് പി.ടി.എ. റഹീം പറയുന്നതെന്നും മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ മോഹഭംഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

‘കുറുക്കോളിയൊക്കെ പണ്ഡിതന്‍മാരോട് മുശാവറ ചെയ്യാതെ എന്തിനാണ് സഭയില്‍ പറയാന്‍ പോയത്, മത സംഘടനകള്‍ ആവശ്യപ്പെടാത്തത് കൊണ്ടാണ്, ആവശ്യപ്പെട്ടാല്‍ ഉടനെ തുറക്കും എന്നൊക്കെ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന നിഷ്‌കളങ്കര്‍ ഉണ്ടായിരുന്നു,’ ജാബിര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം മത സംഘടനകളുടെ ഒരു ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ജാബിര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


‘തെരഞ്ഞെടുപ്പിന് മുമ്പ് ഇതായിരുന്നില്ല അവസ്ഥ. ആര്‍ക്കും ചേതമില്ലാത്ത ചില ഇളവുകള്‍ വാരിക്കോരി കൊടുത്തു. മത സംഘടനകള്‍ ചോദിക്കേണ്ട താമസം, പിണറായി ഫോണ്‍ വിളിക്കുന്നു. ഇളവ് അനുവദിക്കുന്നു. ‘മേരാ മുഖ്യന്‍ മഹാന്‍ ഹേ’ എന്ന വായ്ത്താരി അന്തരീക്ഷത്തില്‍ മുഴങ്ങുന്നു,’ ജാബിര്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് എം.എല്‍.എമാരായ കുറുക്കോളി മൊയ്തീന്‍, എന്‍.എ. നെല്ലിക്കുന്ന് എന്നിവര്‍ വെള്ളിയാഴ്ചയില്‍ പള്ളികള്‍ തുറക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

ജാബിര്‍ തൃക്കരിപ്പൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

കഴുകനെ ഇമാമാക്കിയാല്‍ ശവത്തിലേ എത്തൂ’ എന്ന് നാട്ടിക ഉസ്താദ് പറയാറുണ്ടായിരുന്നു. പിണറായിയെ ഇമാമാക്കിയവര്‍ക്ക്, സമുദായത്തിന്റെ പുതിയ മിശിഹയാക്കിയവര്‍ക്ക്, സ്റ്റേജിലും പേജിലും പ്രകീര്‍ത്തിച്ച് കൊണ്ട് നടന്നവര്‍ക്ക് കണക്കിന് കിട്ടിക്കൊണ്ടിരിക്കുകയാണ്.
ഇന്ന്, വെള്ളിയാഴ്ച. എല്ലാത്തിനും ഇളവുകളുള്ള ദിവസം. പള്ളികള്‍ക്ക് മാത്രം ഇളവില്ല.

ആരാധനാലയങ്ങളില്‍ നിയന്ത്രണ വിധേയമായി ഇളവുകളനുവദിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട മുസ്ലിം ലീഗ് എം.എല്‍.എ.മാരായ കുറുക്കോളി മൊയ്തീന്‍, എന്‍.എ.നെല്ലിക്കുന്ന് എന്നിവര്‍ക്ക് ആരോഗ്യമന്ത്രി നല്‍കിയ മറുപടി, മത സംഘടനകള്‍ക്കില്ലാത്ത ദണ്ണം നിങ്ങള്‍ക്കെന്തിനാണ് എന്ന രീതിയിലായിരുന്നു.

ചായക്കില്ലാത്ത ചൂട് ഗ്ലാസിനെന്തിന് എന്ന മട്ട്. പട്ടാമ്പി എം.എല്‍.എ.മുഹ്‌സിന്‍ കുറച്ച് കൂടി കടന്ന്, ലീഗിന് മറുപടി പറയാന്‍ ഹദീസോതി,
‘പകര്‍ച്ച വ്യാധിക്കാലത്ത് എവിടെയാണോ ഉള്ളത് അവിടെത്തന്നെ നില്‍ക്കണം’ എന്ന്. ഇങ്ങ് പട്ടാമ്പിയില്‍ നിന്ന് അങ്ങ് തിരുവനന്തപുരത്ത് പോയിട്ടാണ് ഈ ഗീര്‍വാണമെന്നത് മറ്റൊരു കാര്യം.

ഒടുവില്‍, മത സംഘടനകളും സമാനമായ ആവശ്യമുന്നയിച്ചു. സമസ്ത നേതാക്കളും ജമാഅത്ത് അമീറും മുഖ്യമന്ത്രിക്ക് കത്തെഴുതി. ഈ വാര്‍ത്ത മാധ്യമം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ താഴെ ഏറ്റവും കൂടുതല്‍ പൊങ്കാലയിട്ടത് സഖാക്കളായിരുന്നു. വിശിഷ്യാ, മാപ്പിള സഖാക്കള്‍.

നിയമസഭയിലാകട്ടെ, ഹാലിളകിയത് പി.ടി.എ.റഹീമാണ്. മലപ്പുറം ജില്ലക്ക് ജനസംഖ്യാനുപാതികമായി വാക്‌സിന്‍ അനുവദിക്കണമെന്ന ആവശ്യം വര്‍ഗീയമാണെന്ന് കണ്ടുപിടിച്ച് കളഞ്ഞ ടിയാന്‍, പള്ളി തുറക്കണമെന്ന് പറയാന്‍ ലീഗാരാ എന്ന മട്ടില്‍ ആക്രോശിക്കുകയായിരുന്നു.
പലരെക്കൊണ്ടും ശുപാര്‍ശ ചെയ്യിച്ചിട്ടും മന്ത്രി സ്ഥാനം കിട്ടാതെ പോയതിന്റെ മോഹഭംഗം കരഞ്ഞ് തീര്‍ത്തതായി മാത്രം ഇതിനെ കണ്ടാല്‍ പോര.

മത സംഘടനകളുടെ മേല്‍ ചാരി, നിയമസഭയില്‍ ന്യായം പറഞ്ഞ സര്‍ക്കാര്‍, സമസ്ത അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കമ ഉരിയാടിയിട്ടില്ല.

കുറുക്കോളിയൊക്കെ പണ്ഡിതന്‍മാരോട് മുശാവറ ചെയ്യാതെ എന്തിനാണ് സഭയില്‍ പറയാന്‍ പോയത്, മത സംഘടനകള്‍ ആവശ്യപ്പെടാത്തത് കൊണ്ടാണ്, ആവശ്യപ്പെട്ടാല്‍ ഉടനെ തുറക്കും എന്നൊക്കെ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന നിഷ്‌കളങ്കര്‍ ഉണ്ടായിരുന്നു.

കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ആശയങ്ങളെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ക്ക് പോലും പത്രത്തില്‍ ഇടം കൊടുക്കാതെ തള്ളിക്കളയുന്ന കാലത്ത് ഇത്തരം നിഷ്‌കളങ്കര്‍ ഉണ്ടായില്ലെങ്കിലേ അല്‍ഭുതമുള്ളൂ. തെരഞ്ഞെടുപ്പിന് ശേഷം മത സംഘടനകളുടെ ഒരു ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
പെരുന്നാളിന് ഇളവ് ചോദിച്ചു. കിട്ടിയില്ല.

കോവിഡ് ബാധിതരുടെ മയ്യത്ത് കുളിപ്പിക്കാന്‍ ഇളവ് ചോദിച്ചു. കിട്ടിയില്ല. 80: 20 ല്‍ ഒറ്റക്കെട്ടായി ചോദിച്ചു. അനങ്ങിയില്ല.
തെരഞ്ഞെടുപ്പിന് മുമ്പ് ഇതായിരുന്നില്ല അവസ്ഥ. ആര്‍ക്കും ചേതമില്ലാത്ത ചില ഇളവുകള്‍ വാരിക്കോരി കൊടുത്തു. മത സംഘടനകള്‍ ചോദിക്കേണ്ട താമസം, പിണറായി ഫോണ്‍ വിളിക്കുന്നു. ഇളവ് അനുവദിക്കുന്നു. മേരാ മുഖ്യന്‍ മഹാന്‍ ഹേ എന്ന വായ്ത്താരി അന്തരീക്ഷത്തില്‍ മുഴങ്ങുന്നു.

അതൊക്കെ ആടിനെ പിടിക്കാന്‍ വെച്ച് നീട്ടുന്ന പച്ചിലകളാണെന്ന് പലര്‍ക്കും മനസ്സിലായില്ല. അല്ലെങ്കില്‍, മനസ്സിലായില്ലെന്ന് നടിച്ചു.
ഇപ്പോഴിതാ, ഡിറ്റന്‍ഷന്‍ സെന്ററുകളും വരുന്നു….

ഉസ്മാന്‍(റ)വിന്റെ രക്തം പുരണ്ട മുസ്ഹഫ്, സര്‍ ചക്രവര്‍ത്തിമാരില്‍ നിന്ന് പിടിച്ചെടുത്ത് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് റഷ്യന്‍ വിപ്ലവത്തില്‍, കമ്മ്യൂണിസ്റ്റുകള്‍ മുസ്ലിംകളെ കൂടെക്കൂട്ടിയത്. അധികാരത്തിലേറിയ ശേഷം, കമ്മ്യൂണിസ്റ്റുകള്‍ മുസ്ലിംകളോട് ചെയ്തതെന്താണെന്നതിന് ചരിത്രം സാക്ഷി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pinaray Vijayan Hadia Hudawis Association for Devoted Islamic Activities Joint Secretary Hadia State Committee Jabir Thrikkarippur

We use cookies to give you the best possible experience. Learn more