| Friday, 24th March 2017, 10:07 am

നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നക്സലൈറ്റ് നേതാവ് എ. വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2016 ജൂണില്‍ ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വര്‍ഗീസിനെ കൊള്ളക്കാരനും കൊലപാതകിയുമായി വിശേഷിപ്പിച്ചത്.

വര്‍ഗീസിനെ വെടിവെച്ചു കൊന്നതല്ലെന്നും ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. വര്‍ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന സി.ബി.ഐയുടെ കണ്ടെത്തലും ഈ കേസില്‍ മുന്‍ ഐ.ജിയായിരുന്ന ലക്ഷ്മണക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച പ്രത്യേക കോടതി വിധിയും അന്തിമമല്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.


Must Read: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-സി.പി.ഐ.എം- ശിവസേന സഖ്യം; ബി.ജെ.പിക്കെതിരായ സഖ്യം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തു


1970 ഫെബ്രുവരി 18നാണ് വയനാട്ടില്‍ നിന്ന് പിടികൂടിയ വര്‍ഗീസിനെ പൊലീസ് വെടിവെച്ചു കൊല്ലുന്നത്. വര്‍ഗീസ് കൊല്ലപ്പെട്ട് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് ഏറ്റുമുട്ടലല്ല കൊലപാതകമാണെന്ന വെളിപ്പെടുത്തല്‍ വരുന്നത്.

വര്‍ഗീസിനെ കൊലപ്പെടുത്തിയ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള സി.ബി.ഐ അന്വേഷണത്തിലാണ് കെ. ലക്ഷ്മണയെ കുറ്റക്കാരനാണെന്നു കണ്ടെത്തി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

ഡി.വൈ.എസ്.പിയായിരുന്ന ലക്ഷ്മണയുടെയും ഡി.ഐ.ജി പി. വിജയന്റെയും നിര്‍ദേശ പ്രകാരമാണ് രാമചന്ദ്രന്‍ നായര്‍ വര്‍ഗീസിനെ കൊന്നതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. നിരവധി കൊലപാതകങ്ങളിലും കൊള്ളകളിലും പ്രതിയായ വര്‍ഗീസ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ തന്നെയാണ് മരിച്ചതെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

വര്‍ഗീസ് കുപ്രസിദ്ധനായ കുറ്റവാളിയും കൊലപാതകങ്ങളിലും കൊള്ളകളിലും പങ്കാളിയുമായിരുന്നെന്ന കാര്യം സി.ബി.ഐ.എം കേസില്‍ ശിക്ഷ വിധിച്ച കോടതിയും നിഷേധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു.


Must Read: എന്നെയോര്‍ത്ത് സങ്കടപ്പെടരുത്; പാവപ്പെട്ടവരെ ഓര്‍ക്കുക, എന്ന് സ്വന്തം വര്‍ക്കിച്ചന്‍:വര്‍ഗീസ് വീട്ടുകാര്‍ക്കയച്ച കത്ത്


ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയായ സന്തോഷ് കുമാറാണ് സര്‍ക്കാറിനുവേണ്ടി സത്യവാങ്മൂലം നല്‍കിയത്.

വര്‍ഗീസ് കൊല്ലപ്പെട്ടതു മുതല്‍ അദ്ദേഹത്തെ വെടിവെച്ചു കൊന്നതാണ് എന്നതായിരുന്നു സി.പി.ഐ.എമ്മിന്റെ നിലപാട്. അന്നത്തെ ആഭ്യന്തര മന്ത്രി സി.എച്ച് മുഹമ്മദ് കോയക്കും മുഖ്യമന്ത്രി സി. അച്യുതമേനോനും എതിരെ ഈ വിഷയം ഉന്നയിച്ച് സി.പി.ഐ.എം നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

വര്‍ഗീസിന്റെ സഹോദരങ്ങള്‍ തോമസ്, ജോസഫ്, മറിയം, റോസ എന്നിവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ലക്ഷ്മണയെ ശിക്ഷിച്ച കോടതിയുടെ വിധിയുടെ തുടര്‍ച്ചയായി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വര്‍ഗീസിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more