തിരുവനന്തപുരം: സര്‍ക്കാരിനെതിരായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യം എന്ന മേലങ്കിയിട്ട മാധ്യമങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
‘കോടതിക്ക് മേല്‍ മന:സാക്ഷിയെ പ്രതിഷ്ഠിക്കുന്ന രീതിയും സര്‍ക്കാരിനില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ കക്ഷി രാഷ്ട്രീയത്തിന്റെ പരുന്ത് പറന്നാല്‍ അത് അംഗീകരിക്കില്ല. തെറ്റായ രീതികളെ ഒരു കാരണവശാലും അംഗീകരിക്കില്ല’, മുഖ്യമന്ത്രി പറഞ്ഞു.
നയപരമായ അവകാശം ആര്‍ക്ക് മുന്‍പിലും അടിയറവ് വെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം പോലും ആയുസ്സില്ലാത്ത വാര്‍ത്തകളെ ആഘോഷിക്കുന്നതിന് പിന്നിലും ഇതേ മനോഭാവമാണ്. ഒരു ആക്രമണത്തിന് മുന്നിലും തകര്‍ന്ന് പോകില്ല.
എല്ലാം തിരിച്ചറിയാനുള്ള ജനങ്ങളുടെ ശക്തിയെ ആരും കുറച്ച് കാണേണ്ടതും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടും എല്ലാ സഹായവും നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം ന്യായമായി നീങ്ങുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ.
തുടക്കത്തില്‍ അന്വേഷണം നല്ല വഴിക്കായിരുന്നു. എന്നാല്‍ പിന്നീട് ഏജന്‍സികളുടെ ഇടപെടല്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കി.
എന്തെങ്കിലും വെളിച്ചത്താകുമോ എന്ന ഭയം ആണ് സര്‍ക്കാരിന് എന്ന പ്രചരണം നടത്തുന്ന വിധത്തിലായി കാര്യങ്ങള്‍. രഹസ്യമായി നടത്തേണ്ട അന്വേഷണം ആ വഴിക്ക് നടന്നില്ല. അന്വേഷണ സംഘത്തിന് പുറത്തുള്ളവര്‍ എങ്ങനെ അന്വേഷണ സംഘം പ്രവര്‍ത്തിക്കണമെന്ന് പ്രഖ്യാപിക്കാന്‍ തുടങ്ങി.
മൊഴികളുടെ ഭാഗങ്ങള്‍ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സെലക്ടീവായി ചോര്‍ന്ന് മാധ്യമങ്ങളില്‍ വന്ന് തുടങ്ങി. അന്വേഷണം പ്രൊഫഷണലായി തുറന്ന മനസ്സോടെ ആകണം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട ഏജന്‍സികള്‍ അതില്‍ നിന്നെല്ലാം വ്യതിചലിക്കുമ്പോള്‍ എവിടെ നീതി എന്ന ചോദ്യം ഉയരുകയാണ്.
മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. അതങ്ങനെ ആകാന്‍ പാടില്ല. ആരെയൊക്കെയോ പ്രതിസ്ഥാനത്ത് എത്തിക്കണം എന്ന ധാരണയോടെ നടക്കുന്ന പ്രക്രിയയെ അന്വേഷണമെന്ന് പറയാനാകില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തുടങ്ങിയ അന്വേഷണം ലൈഫ് മിഷനിലേക്കും ഇ മൊബിലിറ്റി പദ്ധതിയിലേക്കും എല്ലാം എത്തി.
ഇതിനെതിരെ ഒക്കെ ആരോപണങ്ങള്‍ എയ്ത് വിടുന്ന സ്ഥിതി ഉണ്ടായി. ഒന്നിലധികം ഏജന്‍സികള്‍ കേസ് കൈകാര്യം ചെയ്ത് വരികയാണ്. അന്വേഷണ ഏജന്‍സിയുടെ തെളിവുശേഖരണത്തിന് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്താം. രേഖകള്‍ പരിശോധിക്കാം. എന്നാല്‍ ഇതിനെല്ലാം പരിധിയുണ്ട്.
തീരാശാപമായി നില്‍ക്കുന്ന കള്ളപ്പണം നിയന്ത്രിക്കാന്‍ കര്‍ശന നിയമങ്ങള്‍ ഉണ്ടായി . അതിലൊന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം. ഇതിനെല്ലാം അപ്പുറമുള്ള ഇടപെടലാണ് അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഭൂരഹിതര്‍ക്ക് അടച്ചുറപ്പുള്ള ഭവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ലൈഫ് പദ്ധതി.
ലൈഫ് പദ്ധതി സുതാര്യമാണ്. സര്‍ക്കാരിന്റെ വികസന പദ്ധതികളെ ഇരുട്ടില്‍ നിര്‍ത്താന്‍ ശ്രമം. ലൈഫിനെ ആകമാനം താറടിക്കാന്‍ ശ്രമിക്കുകയാണ്. ലക്ഷ്യം കൈവരിക്കുന്നത് തടയാനാണ് ശ്രമം നടക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ പരിധി ലംഘിക്കുകയാണ്. ചെലവും വരുമാനവും പരിശോധിക്കാന്‍ സി.എ.ജി ഉണ്ട്.
സി.എ.ജിയെ ചുമതലപ്പെടുത്തിയ ജോലി കള്ളപ്പണ നിരോധന നിയമം അനുസരിച്ചാണോ ചെയ്യേണ്ടത്. എല്ലാം കേന്ദ്ര ഏജന്‍സികള്‍ കയ്യടക്കുന്ന സ്ഥതിയാണ് ഇപ്പോഴുള്ളത്. സംസ്ഥാന സര്‍ക്കാരിനെ ആകെ കുറ്റവാളിയെന്ന ദൃഷ്ടിയോടെ കാണുകയും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ചെയ്യാം. പക്ഷെ അന്വേഷണ ഏജന്‍സികള്‍ക്ക് ആകാമോ എന്നാണ് ചോദ്യം. ഓരോ ഏജന്‍സിക്കും അതിന്റെ അതിര്‍ വരമ്പുണ്ട്.
സത്യവാചകം ചൊല്ലി ഒരാള്‍ നല്‍കുന്ന മൊഴി എങ്ങനെയാണ് പ്രത്യേക രൂപത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത് ? ഈ അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമാണോ അവിശ്വാസം ആണോ ഉണ്ടാകുക, ഏജന്‍സികള്‍ അന്വേഷണം ന്യായ യുക്തമായി ചെയ്യുമ്പോഴാണ് അതില്‍ വിശ്വാസ്യത ഉണ്ടാകുക.
തിരക്കഥയ്ക്ക് അനുസരിച്ച് അന്വേഷണം നീങ്ങുന്നു എന്ന് തോന്നുന്നത് ജനാധിപത്യ സംവിധാനത്തിന് തിരിച്ചടിയാണ്. ഇതല്ല ജനം പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് പറഞ്ഞത് ഈ രിതീയിലുള്ള അന്വേഷണത്തിന് അല്ല , എല്ലാ അധികാരങ്ങളിലും ഏജന്‍സികള്‍ കടന്ന് കയറുന്നു. അത് അവരുടെ സ്വയം അധികാര പരിധി ലംഘിക്കലും ഭരണഘടനാ ലംഘനവും ആണ്. നിയമത്തിന് അകത്ത് നിന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക