തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് നല്‍കിയ സത്യവാങ്മൂലത്തിലെ ഓരോ പരാമര്‍ശങ്ങളും എടുത്ത് വിശദീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മറുപടി.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ വിശ്വാസികളുടെയും മതപണ്ഡിതരുടെയും അഭിപ്രായം തേടിയശേഷം ഒരു അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ:
സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്ത്രീകള്‍ക്കോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങള്‍ക്കോ എതിരായ വിവേചനത്തിന് സര്‍ക്കാര്‍ എതിരാണ് എന്നതാണ്. സാമൂഹിക നീതി ഉറപ്പുവരുത്തുകയെന്നതാണ് നിലവിലുള്ള സര്‍ക്കാര്‍ നയം. അതുകൊണ്ടുതന്നെ സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ല.
മുന്‍കാലങ്ങളിലും സ്ത്രീകള്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നുവെന്നതുമായി ബന്ധപ്പെട്ട് ചരിത്രപരമായ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാജാവ് ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ മഹാറാണിയും സന്ദര്‍ശിച്ചു എന്നുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുമതാചാരത്തിലും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പ്രായവ്യത്യാസമില്ലാതെ അനുവദിക്കണം എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തുടരുന്ന ആചാരങ്ങളായിതിനാല്‍ അത് വിശ്വാസങ്ങളും മൂല്യങ്ങളുമായും ബന്ധപ്പെട്ടിട്ടുള്ളതിനാലും ജനങ്ങള്‍ സ്വീകരിച്ചതിനാലും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച ഹൈക്കോടതി വിധി നിലവിലുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഒരപേക്ഷ സര്‍ക്കാര്‍ സുപ്രീം കോടതിയ്ക്കു സമര്‍പ്പിച്ചു. ഹിന്ദു മതണ്ഡിതരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മീഷന്‍ നിയോഗിച്ച് പ്രായവ്യത്യാസം ഇല്ലാതെ ഏല്ലാ വിഭാഗം സ്ത്രീകള്‍ക്കും ക്ഷേത്രാരാധന അനുവദിക്കണമോ എന്ന കാര്യത്തില്‍ അവരുടെ നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം
ക്രമസമാധാനങ്ങളും നിയമവിരുദ്ധ പ്രശ്‌നങ്ങളും ഉണ്ടാവുമെന്നതാണ് പ്രശ്‌നമെങ്കില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സമയം നിശ്ചയിച്ച് അതിനനുസരിച്ച് ആ സമയത്ത് പ്രവേശിപ്പിക്കാം. എന്നാല്‍ ഇത്തരമൊരു പേടി സര്‍ക്കാറിനില്ല എന്ന കാര്യവും എടുത്തു പറഞ്ഞിരുന്നു. സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം ശബരിമലയില്‍ ആചാരങ്ങളില്‍ മാറ്റം ഉണ്ടായിട്ടുണ്ട് എന്നതാണ്. എല്ലാ മലയാള മാസങ്ങളിലും ആദ്യത്തെ അഞ്ചുദിവസം പ്രവേശനം അനുവദിച്ചു. ഇത് തിരയ്ക്ക് കുറയ്ക്കാന്‍ വേണ്ടിയാണ്. അതുപോലെ നേരത്തെ തുലാഭാരം എന്നതുണ്ടായിരുന്നില്ല. ഇപ്പോള്‍ അത് ആരംഭിച്ചു.
Also Read:ആസ്സാം ഉപമുഖ്യമന്ത്രി ആനപ്പുറത്ത് നിന്നും വീണു; അപകടം ആനപ്പുറത്ത് കയറ്റി വരവേല്‍പ്പ് നല്‍കുന്നതിനിടെ
ഇക്കാര്യങ്ങളെല്ലാം പറഞ്ഞശേഷം എന്തുതന്നെയായാലും സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒരു വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ല എന്ന കാര്യവും ഉറപ്പിച്ചു പറഞ്ഞിരുന്നു. ഈ സത്യവാങ്മൂലം സര്‍പ്പിച്ചത് കോടതി സര്‍ക്കാറിന്റെ കാഴ്ചപ്പാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തടയുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും നിലവിലുള്ള കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു നിയമനിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ഇതിന്റെ കൂടെ സുപ്രധാനമായ നിലപാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ കോടതി വിധി കാത്തിരിക്കുകയാണ്. വിധി പ്രകാരം പ്രവര്‍ത്തിക്കുമെന്നതായിരുന്നു അത്.
കോടതി വിധി എന്തായാലും അത് നടപ്പാക്കും എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. അങ്ങനെയുള്ള നിലയ്ക്ക് സര്‍ക്കാറിന് എങ്ങനെയാണ് പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ കഴിയുക. അതുകൊണ്ടാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആരെങ്കിലും റവ്യൂ ഹര്‍ജിയുമായി മുന്നോട്ടുപോകുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ തടയില്ല.