|

കൂടെ നിന്ന് ഫോട്ടോ എടുത്തത് കൊണ്ട് മാധ്യമപ്രവര്‍ത്തകന് അന്വേഷണത്തില്‍ ഇളവ് ലഭിക്കില്ല: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായ മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷണം ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടെ ഫോട്ടോ എടുത്തത് കൊണ്ട് അന്വേഷണത്തില്‍ മാധ്യമപ്രവര്‍ത്തകന് ഇളവ് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഓണത്തിന് വീട്ടില്‍ വന്നപ്പോള്‍ കൂടെ ഫോട്ടോ എടുത്തു. അതില്‍ അസ്വാഭാവികതയില്ല. എന്റെ വീടിന്റെ അടുത്തുള്ള മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരും ഒരുമിച്ച് കാണുമ്പോള്‍ ഫോട്ടോ എടുക്കാറുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി കുറ്റം കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാനും, മരം മുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായുള്ള ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു.

കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജനും തമ്മില്‍ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകളാണെന്നും മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില്‍ നാലു മാസത്തിനിടെ 107 തവണ വിളിച്ചെന്നും വനംവകുപ്പ് എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്.

മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ. സമീറിനെ കള്ളക്കേസില്‍ കടുക്കാന്‍ സാജനും ആന്റോ അഗസ്റ്റിനും ദീപക് ധര്‍മ്മടവും ചേര്‍ന്ന് ഒരു സംഘമായി പ്രവര്‍ത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുട്ടിലിലെ മരംമുറി പിടിച്ച സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയില്‍ കുടുക്കുകയായിരുന്നെന്നും സമീര്‍ ചുമതലയേല്‍ക്കും മുമ്പുള്ള മരംമുറിയിലാണ് പ്രതികളുമായി ചേര്‍ന്ന് സാജന്‍ സമീറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയതെന്നും പറയുന്നു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഫെബ്രുവരി 15ന് സാജനും ആന്റോ അഗസ്റ്റിനും തമ്മില്‍ ഫോണില്‍ 12 തവണയും ഫെബ്രുവരി 14 നും മെയ് 26 നും ഇടയില്‍ 86 തവണ സംസാരിച്ചെന്നും പറയുന്നു.

മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ഫെബ്രുവരി 8ന് രജിസ്റ്റര്‍ ചെയ്ത മരംമുറിക്കേസിലെ പ്രതികളാണ് ഇവരെന്ന ബോധ്യത്തോടെയാണ് സംഭാഷണമെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീപക് ധര്‍മ്മടവും പ്രതികളും തമ്മില്‍ ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെ 107 തവണയാണ് സംസാരിച്ചത്.

ഓണത്തിന് മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ ദീപക് ധര്‍മ്മടം പങ്കുവെച്ചത് വലിയ വിവാദമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pinaray Vijayan Deepak Dharmadam Muttil

Video Stories