ആലപ്പുഴ: ആലപ്പുഴ റിപ്പോര്‍ട്ടിംഗില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷവിമര്‍ശനം. ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനം വി.എസ് അച്യുതാനന്ദന്‍ ലംഘിച്ചെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി സെക്രട്ടറിയെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുമായാണ് വി.എസ് നീങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലപ്പുഴയില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി മുതല്‍ ജില്ലാകമ്മിറ്റിയംഗങ്ങല്‍ വരെ പങ്കെടുത്ത സംസ്ഥാന സമ്മേളന റിവ്യൂ റിപ്പോര്‍ട്ടിലാണ് പിണറായി വിജയന്‍ വി.എസിനെ വിമര്‍ശിച്ചത്. യോഗത്തില്‍ പാര്‍ട്ടി സമ്മേളന നിലപാടുകളും കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളും വിശദീകരിക്കാനാണ് പിണറായി എത്തിയത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയെക്കൊണ്ട് തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനമെടുപ്പിക്കാന്‍ ശ്രമം നടന്നു. ലാവ്‌ലിന്‍ വിഷയം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തപ്പോള്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആദ്യം ആവശ്യപ്പെട്ടത് വി.എസാണ്. എന്നാല്‍, മന്ത്രിമാര്‍ ഒന്നിച്ച് അതിനെ എതിര്‍ക്കുകയായിരുന്നു. ലാവ്‌ലിന്‍ കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന നിലപാടിലാണ് പാര്‍ട്ടി എത്തിയത്. എന്നാല്‍, അതിനോട് യോജിക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണ് വി.എസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത്തരം വിരുദ്ധ നിലപാടുകളിലൂടെ നീങ്ങിയതുകൊണ്ടാണ് പി.ബിയില്‍നിന്ന് വി.എസിനെ ഒഴിവാക്കിയതെന്നും പിണറായി വിശദീകരിച്ചു.
പാമോലിന്‍, ഇടമലയാര്‍ കേസുകളുടെ നടത്തിപ്പിന് എവിടെ നിന്ന് പണം ലഭിച്ചെന്ന് വി.എസ് ഇതുവരെ പാര്‍ട്ടിയെ ധരിപ്പിച്ചിട്ടില്ലെന്നും പിണറായി കുറ്റപ്പെടുത്തി. കേസ് നടത്തുന്നതിന് വി.എസിനെ പാര്‍ട്ടി സഹായിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യമായി സംസ്ഥാനകമ്മിറ്റി ഒന്നര ലക്ഷവും 1.6 ലക്ഷവും രൂപ നല്‍കിയിരുന്നു. അടുത്ത കാലത്ത് 10 ലക്ഷം രൂപയും വി.എസിന്റെ ആവശ്യപ്രകാരം കേസ് നടത്തുന്നതിന് നല്‍കി. എന്നാല്‍, കേസ് തനിയെ നടത്തുന്നുവെന്ന രീതിയിലുള്ള പ്രതികരണമാണ് വി.എസിന്റെ ഭാഗത്തുനിന്നുണ്ടായത്. പാര്‍ട്ടി ഒന്നും നല്‍കിയില്ലെന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. സുപ്രീംകോടതിയില്‍ വരെ കേസ് നടത്തിയിട്ടുണ്ട്. എന്നാല്‍, അതേക്കുറിച്ചൊന്നും പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാറില്ല. ഇനി കേസിന്റെ കാര്യങ്ങള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയെങ്കില്‍ മാത്രമെ പണം നല്‍കാന്‍ കഴിയൂവെന്നും പിണറായി പറഞ്ഞു.
പാര്‍ട്ടിയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ പല തലങ്ങളിലും നടക്കുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തുന്ന സംശയകരമായ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്. ടി.പി വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന മുന്‍ നിലപാട് പിണറായി ആവര്‍ത്തിച്ചു. എന്നാല്‍, ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.