| Thursday, 1st October 2020, 7:26 pm

ബാബരി മസ്ജിദ് ധ്വംസനം കേവലം പള്ളിപൊളിക്കലല്ല, ഗാന്ധിവധം പോലെ രാജ്യത്തെ മുറിവേല്‍പ്പിച്ച കുറ്റകൃത്യം; കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ കേന്ദ്രസര്‍ക്കാരും സി.ബി.ഐയും നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബരി മസ്ജിദ് ധ്വംസനം കേവലം പള്ളിപൊളിക്കലല്ല. ഗാന്ധിവധം പോലെ രാജ്യത്തെ അഗാധമായി മുറിവേല്‍പ്പിച്ച താരതമ്യമില്ലാത്ത കുറ്റകൃത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാന്‍ നിയമപരമായ തുടര്‍നടപടികള്‍ക്ക് സി.ബി.ഐയ്ക്കും കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. അത് അവര്‍ നിറവേറ്റണം’, മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

അയോധ്യയിലെ ഭൂമിതര്‍ക്കത്തെ തുടര്‍ന്നുടലെടുത്ത കേസിലെ അന്തിമവിധി പ്രസ്താവിക്കുമ്പോള്‍ 1949 ഡിസംബര്‍ 22 ന് രാത്രി തര്‍ക്കഭൂമിയില്‍ രാമവിഗ്രഹം സ്ഥാപിച്ചത് ആസൂത്രിത നടപടിയായിരുന്നുവെന്നാണ് സുപ്രീംകോടതി പറഞ്ഞത്.

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് പൊളിച്ച നടപടിയെ നിയമവാഴ്ചയുടെ കടുത്ത ലംഘനം എന്നാണ് കഴിഞ്ഞ നവംബര്‍ 9 ന്റെ വിധിപ്രസ്താവത്തില്‍ സുപ്രീംകോടതി വിശേഷിപ്പിച്ചത്. കടുത്തനിയമലംഘനമെന്ന് പരമോന്നത കോടതി തന്നെ നിരീക്ഷിച്ചതാണ് ബാബരി മസ്ജിദ് ധ്വംസനം.

മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി നടത്തിയ രഥയാത്ര, അതിന് നേതൃത്വം നല്‍കിയവര്‍, അവരുടെ സഹായികള്‍, കര്‍സേവകര്‍, കലാപത്തിന് ആഹ്വാനം ചെയ്തവര്‍, അതിനൊക്കെ ആളും അര്‍ത്ഥവും പ്രദാനം ചെയ്ത സംഘടനകള്‍, ആ ഘട്ടത്തില്‍ തങ്ങളെ തടയാന്‍ കോടതി ആരാണ് എന്ന് ചോദിച്ചവര്‍ എന്നിങ്ങനെ ആ നിയമലംഘനത്തിന് ഉത്തരവാദികളായവര്‍ നമ്മുടെ കണ്‍മുന്നിലുണ്ട്.

അത്തരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തത് ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ മതനിരപേക്ഷതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുള്ള ശിക്ഷ അവര്‍ അര്‍ഹിക്കുന്നു.

ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റവും കൂടുതല്‍ പോറലേല്‍പ്പിച്ച ഈ കടുത്ത നിയമലംഘന നടപടിയുടെ ഉത്തരവാദിത്തം സംഘപരിവാര്‍ ശക്തികള്‍ക്കാണ്. അതിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് ഒത്താശ ചെയ്തതിന്റേയും അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന്റേയും ഉത്തരവാദിത്തം കോണ്‍ഗ്രസിനും ചങ്ങാതിമാര്‍ക്കുമാണ്.

പൂട്ടിക്കിടന്ന ബാബരി മസ്ജിദ് സംഘപരിവാരിനായി തുറന്നുകൊടുത്തത് കോണ്‍ഗ്രസായിരുന്നു. ശിലാന്യാസത്തിലൂടെ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ അനുവാദം കൊടുത്തതും കോണ്‍ഗ്രസായിരുന്നു.

കര്‍സേവയിലൂടെ അതൊരു മണ്ഡപമാക്കാന്‍ അനുവാദം കൊടുത്തതും കോണ്‍ഗ്രസ് തന്നെ. ഇതിന്റെയൊക്കെ സ്വാഭാവികപരിണിതി എന്ന നിലയില്‍ സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ കര്‍മരാഹിത്യത്തിലൂടെ മൗനമാചരിച്ചു. അത് അനുവദിച്ച് കൊടുത്തതും കോണ്‍ഗ്രസ് തന്നെ.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷത മതനിരപേക്ഷ സ്വഭാവത്തെ മുറുകെപിടിക്കുന്നതാണ്. ഉന്നതമായ മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് വിവിധ ജനവിഭാഗങ്ങളുടെ യോജിച്ചുള്ള പ്രക്ഷോഭങ്ങളിലൂടെ ഇന്ത്യന്‍ ജനത വൈദേശികാധിപത്യത്തിനെതിരെ പോരാടിയതും അതിനെ തറപറ്റിച്ചതും. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വര്‍ഗീയ ആധിപത്യത്തിനെതിരെ പൊരുതേണ്ടത് അത്യാവശ്യമായിരിക്കുന്നു.

ബാബരി മസ്ജിദ് ധ്വംസനം കേവലം പള്ളിപൊളിക്കലല്ല. ഗാന്ധിവധം പോലെ രാജ്യത്തെ അഗാധമായി മുറിവേല്‍പ്പിച്ച താരതമ്യമില്ലാത്ത കുറ്റകൃത്യമാണ്.

കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാന്‍ നിയമപരമായ തുടര്‍നടപടികള്‍ക്ക് സി.ബി.ഐയ്ക്കും കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. അത് അവര്‍ നിറവേറ്റണം. ഒഴിഞ്ഞുമാറരുത്.

സെപ്തംബര്‍ 30 നാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ എല്ലാവരേയും പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടത്. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു.

351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു. രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ നേരിട്ടിരുന്നത്.

പ്രതികളില്‍ 25 പേര്‍ക്കും വേണ്ടി ഹാജരായത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സി.ബി.ഐക്ക് വേണ്ടി ഹാജരായത്.

രണ്ടായിരത്തിലധികം പേജുള്ളതായിരുന്നു വിധി. 32 പ്രതികളില്‍ 26 പ്രതികളാണ് കോടതിയില്‍ ഹാജരായത്. അദ്വാനിയും മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരായത്. ഉമാഭാരതി എയിംസില്‍ കൊവിഡ് ചികിത്സയിലാണ്.

48 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. 16 പ്രതികള്‍ മരണപ്പെട്ടു. ശിവസേനാ നേതാവ് ബാല്‍ താക്കറെ, വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഘല്‍, മഹന്ത് അവൈദ്യനാഥ്, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ എന്നിവര്‍ മരണപ്പെട്ടിരുന്നു. ബാക്കി 32 പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് എഫ്.ഐ.ആറുകളിലായി അന്വേഷണം തുടങ്ങിയ കേസ് പിന്നീട് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഒറ്റ കേസായി പരിഗണിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ട് കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റി.

രണ്ടുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനല്‍കി.

കേന്ദ്രമന്ത്രിമാരായിരുന്ന എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാര്‍ (അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദിലെ മുന്‍ എം.പി.), സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്ര നാഗര്‍ എന്നീ 15 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റമാണ് സുപ്രീംകോടതി 2017 ഏപ്രില്‍ 19-ന് പുനഃസ്ഥാപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan Babri Masjid Demolition

We use cookies to give you the best possible experience. Learn more