അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍: സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങിയെന്ന് മന്ത്രി മണി
Daily News
അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍: സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങിയെന്ന് മന്ത്രി മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th February 2017, 10:53 am

തിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുതപദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് നിയമസഭയില്‍ വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കല്‍ തുടരുകയാണെന്നും അദ്ദേഹം സഭയെ രേഖാമൂലം അറിയിച്ചു.

163 മെഗാവാട്ടിന്റെ പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ എന്‍ ഷംസുദ്ദീന്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എഴുതി തയ്യാറാക്കിയ മറുപടിയാണ് മന്ത്രി സഭയില്‍ വായിച്ചത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരുന്നു. മന്ത്രിയുടെ നിലപാട് എല്‍.ഡി.എഫ് നിലപാടല്ലെന്ന് പറഞ്ഞ് സര്‍ക്കാറിന്റെ ഭാഗമായ സി.പി.ഐ അടക്കം വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കടകംപള്ളി തന്റെ പ്രസ്താവന തിരുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിന് എതിരായ നിലപാടാണ് മന്ത്രി എം.എം മണി ഇന്ന് സഭയില്‍ അറിയിച്ചിരിക്കുന്നത്.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനെതിരെ നേരത്തെ തന്നെ പരിസ്ഥിതി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ചാലക്കുടിപ്പുഴയില്‍ പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസില്‍ നിന്നു രണ്ടര കിലോമീറ്റര്‍ ദൂരെയാണ് പുതിയ ഡാം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.