'ആ പാവപ്പെട്ട സ്ത്രീയെ എന്തിന് ആക്രമിച്ചു, ഇരുമുടിക്കെട്ടില്ലാതെ പടി കയറിയപ്പോള്‍ എവിടെപ്പോയി നിങ്ങളുടെ ആചാരം': മുഖ്യമന്ത്രി
Kerala News
'ആ പാവപ്പെട്ട സ്ത്രീയെ എന്തിന് ആക്രമിച്ചു, ഇരുമുടിക്കെട്ടില്ലാതെ പടി കയറിയപ്പോള്‍ എവിടെപ്പോയി നിങ്ങളുടെ ആചാരം': മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2018, 7:46 pm

കോഴിക്കോട്: ശബരിമലയില്‍ ഇന്ന് നടന്ന അക്രമങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കൈയിലെ കരുവാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് എല്‍.ഡി.എഫ് സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല അടച്ചിടുക എന്നത് സംഘപരിവാറിന്റെ ആവശ്യമാണ്. മുന്‍പ് ഇവരുടെ ഒരു സഹചാരി രക്തവും മൂത്രവുമൊക്കെ ഒഴിച്ച് നട അടപ്പിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു.നിയമോപദേശം നല്‍കിയിട്ടില്ല എന്ന് തന്ത്രി പറഞ്ഞത് നന്നായി. അതേസമയം, മുന്‍പ് അത്തരത്തില്‍ സംസാരിച്ചെങ്കില്‍ തന്നെ അതൊന്നും ശബരിമലയുടെ ഗുണത്തിനല്ല എന്നാണ് മനസിലാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലം 2019 ലേക്കുള്ള ടീസറോ; ആശങ്കയോടെ ബി.ജെ.പി

ശബരിമലയിലെ ആചാരമനുസരിച്ച് പതിനെട്ടാം പടി കയറുന്നത് ഇരുമുടിക്കെട്ടുമായാണെന്നും തനിക്ക് ശബരിമലയില്‍ എത്തേണ്ട സാഹചര്യമുണ്ടായപ്പോള്‍ തൊട്ടടുത്തുള്ള ഒരു വഴിയിലൂടെയാണ് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയിറങ്ങിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

“ഇപ്പോള്‍ എവിടെപ്പോയി നിങ്ങള്‍ പറയുന്ന ആചാരം. എന്തുകൊണ്ട് അവിടുത്തെ സാധാരണ മുറ നിങ്ങള്‍ ലംഘിച്ചു. ഇത്തരക്കാര്‍ക്ക് ശബരിമലയുടെ പവിത്രത നിലനിര്‍ത്തുക അല്ല ഉദ്ദേശം മറിച്ച് കലാപഭൂമിയാക്കണം. 52 വയസ് പ്രായമുള്ള ഭക്തയെയാണ് അക്രമികള്‍ തല്ലുന്നത്.”

എന്തിന് പാവപ്പെട്ട ആ സ്ത്രീയെ ആക്രമിക്കാന്‍ പുറപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയില്‍ വലിയ തോതില്‍ സംഘര്‍ഷമുണ്ടാക്കാനായിരുന്നു ശ്രമം. പൊലീസിന്റെ സംയമനമാണ് അത് ഇല്ലാതാക്കിയത്. ശബരിമലയുടെ സന്നിധി എന്ന പരിമിതി പൊലീസിനുണ്ടായിരുന്നു. വിശ്വാസം സംരക്ഷിക്കാന്‍ നിലകൊള്ളുകയാണ് എല്‍.ഡി.എഫെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ഫൈസാബാദ് ജില്ല ഇനി മുതല്‍ “ശ്രീ അയോധ്യ”; പേരുമാറ്റി യോഗി ആദിത്യനാഥ്

“ആരാധനാലയത്തെ തകര്‍ക്കാന്‍ കഴിയുന്നവരുടെ കയ്യില്‍ ആരും കരുവാകാന്‍ പാടില്ല. പ്രളയകാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് അഭയ കേന്ദ്രമായി കേരളത്തിലെ പല ആരാധനാലയങ്ങളും മാറിയെന്ന് നാം ഓര്‍ക്കണം. എല്ലാവരും അവിടെ ചെന്നു. എല്ലാവര്‍ക്കും ആരാധനാലയങ്ങള്‍ അഭയം നല്‍കി.”

സാധാരണയില്‍ ഉയര്‍ന്ന മതനിരപേക്ഷ മനസാണ് കേരളത്തില്‍ ഉളളത്. അത് തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി സമ്മേളനത്തില്‍ വ്യക്തമാക്കി.

ചിത്തിര ആട്ട വിശേഷത്തിനായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഇന്ന് ശബരിമലയില്‍ പേരക്കുഞ്ഞിന് ചോറൂണിനെത്തിയ സ്ത്രീയെയും ഒരു സംഘമാളുകള്‍ ആക്രമിച്ചിരുന്നു. കുട്ടിയുടെ അച്ഛനെയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്ക് ശേഷം സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയിലും നിലയ്ക്കലിലും വലിയ സംഘര്‍ഷം ഉടലെടുത്തിരുന്നു.

WATCH THIS VIDEO: