| Friday, 5th July 2019, 5:24 pm

മാലപ്പടക്കത്തിനു തീകൊടുത്ത പോലുള്ള ഫലമായിരിക്കും കാത്തിരിക്കുന്നത്; കേന്ദ്രബജറ്റിനെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തോട് അനുഭാവം കാണിക്കാത്ത ബജറ്റാണ് രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍-ഡീസല്‍ വില രണ്ടുരൂപ കണ്ട് വര്‍ധിക്കുന്നു. രണ്ടിനും ഓരോ രൂപ വീതം. ഇതിന്റെ തിക്തഫലം ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനം കേരളമാണ്. വിദൂര സ്ഥലങ്ങളില്‍നിന്ന് ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന കേരളത്തിന് ഡീസല്‍ വിലയിലുണ്ടാവുന്ന വര്‍ധന അമിതഭാരമാവും.

മാലപ്പടക്കത്തിനു തീകൊടുത്ത പോലുള്ള ഫലമാണ് ചരക്കുകടത്തു കൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ ഭീകരമായി ഉയര്‍ത്തുന്ന ഈ നടപടി.

കേരളം ജലപാതകള്‍ക്കു പണ്ടേ പ്രസിദ്ധമാണ്. ജലജീവന്‍ മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം അത് കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും എന്തെങ്കിലും ചെയ്യുമെന്നു പറയുന്നില്ല. കൊച്ചി ഷിപ്പ്യാര്‍ഡിനുള്ള വിഹിതം കഴിഞ്ഞവര്‍ഷം 660 കോടിയായിരുന്നത് 495 കോടിയായി കുറഞ്ഞു. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റേത് 67 കോടിയായിരുന്നത് 46 കോടിയായി കുറഞ്ഞു. റബ്ബര്‍ ബോര്‍ഡിന്റേത് 172 കോടിയായിരുന്നത് 170 കോടിയായി കുറഞ്ഞു. വലിയ വര്‍ധനയുണ്ടാവേണ്ടിടത്താണ് മരവിപ്പോ വെട്ടിക്കുറയ്ക്കലോ ഉണ്ടാവുന്നത്.

കേരളം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പാപരിധി വര്‍ധിപ്പിക്കലുള്‍പ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പിച്ചിരിക്കുക കൂടിയാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more