നിങ്ങളുടെ ഭീഷണി കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇത്; ആര്‍.എസ്.എസിനെതിരെ മുഖ്യമന്ത്രി
Sabarimala women entry
നിങ്ങളുടെ ഭീഷണി കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇത്; ആര്‍.എസ്.എസിനെതിരെ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th October 2018, 7:48 pm

കോട്ടയം: ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനയുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം വേണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് സംഘടിപ്പിച്ച എല്‍.ഡി.എഫ് രാഷ്ട്രീയ വിശകലനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കുറച്ചുപേര്‍ ഒരിടത്ത് കൂടി എന്തെങ്കിലും കാണിച്ചാല്‍ നമുക്കൊന്നും സംഭവിക്കില്ല. ശബരിമലയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിങ്ങളുടെ ഭീഷണി കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇത്.”

മതനിരപേക്ഷ സമൂഹം സര്‍ക്കാരിന് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാക്കാലത്തും എല്ലാ വിഭാഗത്തിലുള്ള സ്ത്രീകളിലും വലിയ തോതിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. എല്ലാ വിഭാഗങ്ങളും സ്ത്രീകളെ അടിച്ചമര്‍ത്തിയിരുന്നു, ആ സ്ഥിതിയില്‍ മാറ്റം വന്നില്ലേ? ആര്‍.എസ്.എസിനൊപ്പം സഹകരിക്കുന്നത് ആത്മഹത്യാപരമാണ് എന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ശബരിമല സംഘര്‍ഷം: 1407 പേര്‍ അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തകര്‍ ഇത്രമാത്രം ക്രൂരമായി, കൂട്ടമായി ആക്രമിക്കപ്പെട്ട സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. അത്ര ഭീകരമായ ആക്രമണമാണ് നടന്നത്. മാധ്യമപ്രവര്‍ത്തകരാരാണ് എന്നറിയാത്ത, ഒരു മര്യാദയും പാലിക്കാത്ത ആളുകളാണ് അവിടെയെത്തിയത്.

ഒരു സമരനേതാവ് പരസ്യമായി പറഞ്ഞല്ലോ, ചോര വീഴ്ത്താനുള്ള സംഘങ്ങളെ തയ്യാറാക്കിയിരുന്നുവെന്ന്. ഇത് ശബരിമലയെ സംരക്ഷിക്കാനുള്ള നീക്കമാണോ? തകര്‍ക്കാനുള്ള നീക്കമാണ്. ആ നീക്കത്തിനൊപ്പം വിശ്വാസികള്‍ക്ക് നില്‍ക്കാനാകുമോ? സര്‍ക്കാര്‍ എന്തു ചെയ്യണം എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്? എന്തിനാണ്, ആരോടാണിവരുടെ സമരം.

ഈ സുപ്രീംകോടതി വിധിയെ സര്‍ക്കാര്‍ നിലപാടിലൂടെ മറികടക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പോലും ഇടപെടാത്തത്. പിന്നെന്താണ് ഉദ്ദേശം? കലാപം സൃഷ്ടിക്കുക എന്നാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പി.കെ ശ്രീമതിയ്‌ക്കെതിരെ മോശം പരാമര്‍ശം; സംഘപരിവാര്‍ പ്രചാരകന്‍ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

ആര്‍.എസ്.എസ് പ്രത്യേക പരിശീലനം നല്‍കിയ ക്രിമിനലുകളാണ് ആക്രമണം നടത്തിയത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനെതിരെയാണ് ഇവരുടെ സമരം. ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്.

ഇവരെ ശബരിമലയില്‍ കേന്ദ്രീകരിക്കാന്‍ ഇനി അനുവദിക്കില്ല. ആരോടാണ് ഈ സമരമെന്നും എന്തിനാണ് ഈ സമരമെന്നും മുഖ്യമന്ത്രി ചോദിച്ചു.

WATCH THIS VIDEO: