| Thursday, 12th November 2015, 9:36 am

ആര്‍.എസ്.എസ് ലേഖനം: കേരളയീര്‍ക്കെതിരായ സംഘപരിവാറിന്റെ യുദ്ധപ്രഖ്യാപനമെന്ന് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തിനെതിരെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളയീര്‍ക്കെതിരായ സംഘപരിവാറിന്റെ യുദ്ധപ്രഖ്യാപനമാണ് ഈ ലേഖനമെന്നാണ് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ലേഖനത്തില്‍ ആര്‍.എസ്.എസ് കേരളത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചും ന്യൂനപക്ഷങ്ങളെക്കുറിച്ചും പ്രചരിപ്പിക്കുന്നത് നുണകളാണെന്ന് പിണറായി ഉദാഹരണങ്ങള്‍ സഹിതം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

കേരളാ ഹൗസില്‍ കേരളത്തില്‍ നിന്നെത്തുന്ന ഉന്നതര്‍ക്ക് ബീഫ് വിളമ്പുന്നു, മലപ്പുറം ജില്ല സൗദി അറേബ്യയുടെ ചെറുപതിപ്പാണ്, അവിടെ മുക്കിന് മുക്കിന് ഗോവധശാലകള്‍ ഉണ്ട് തുടങ്ങി ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് പിണറായി ആര്‍.എസ്.എസ് കേരളത്തിനെതിരെ നുണ പ്രചരണം നടത്തുന്നു എന്നു വാദിക്കുന്നത്.

കമ്മ്യൂണിസം കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ ദൈവമില്ലെന്ന ധാരണ സൃഷ്ടിച്ചെന്ന ആര്‍.എസ്.എസ് ആരോപണത്തെയും പിണറായി പ്രതിരോധിക്കുന്നുണ്ട്.

“ഹിന്ദുമുസ്‌ലീം ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ ജീവിതത്തെയും നിരാകരിച്ച്, പച്ചക്കള്ളങ്ങള്‍ നിരത്തുകയാണ് ആര്‍ എസ് എസ് മുഖപത്രം. ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ള മതനിരപേക്ഷ നിലപാടുകളെയും കേരളീ ജനതയുടെ മതനിരപേക്ഷ സമീപനങ്ങളെയും നുണകള്‍ കൊണ്ട് കടന്നാക്രമിക്കുന്ന ലേഖനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കമ്യൂണിസ്റ്റ് മനസ്‌ക്കന്‍ എന്നാണു വിശേഷിപ്പിക്കുന്നത്. അതില്‍ നിന്ന് തന്നെ ആര്‍ എസ് എസിന് നുണകളോടുള്ള കൂറും ആശ്രിതത്വവും വ്യക്തമാകും.” പിണറായി പറയുന്നു.
പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന “കേരള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഓര്‍ ഗോഡ്‌ലെസ് കണ്‍ട്രി?”(കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ നാടോ?) എന്ന ലേഖനം കേരളീയര്‍ക്കെതിരായ സംഘ പരിവാറിന്റെ യുദ്ധ പ്രഖ്യാപനമാണ്. കേരളത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും കേരളീയരുടെ ആത്മാഭിമാനത്തെയും ആര്‍.എസ്.എസ് വെല്ലുവിളിക്കുകയാണ്.

മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നിയമാധ്യാപകന്റേത് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനം, ആര്‍.എസ്.എസ് കേരളത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റുകാരെകുറിച്ചും ന്യൂനപക്ഷങ്ങളെ കുറിച്ചും പ്രചരിപ്പിക്കുന്ന കല്ലുവെച്ച നുണകളുടെ സമാഹാരമാണ്.

ഏതാനും ഉദാഹരണങ്ങള്‍:
കേരളാ ഹൗസില്‍ കേരളത്തില്‍ നിന്നെത്തുന്ന ഉന്നതര്ക്ക് സ്ഥിരമായി ബീഫ് വിളമ്പുന്നു. (ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തില്‍ ബീഫ് വില്പന നടക്കുന്നു. )
മലപ്പുറം ജില്ല സൗദി അറേബ്യയുടെ ചെറുപതിപ്പാണ്,
അവിടെ മുക്കിനു മുക്കിനു ഗോവധശാലകള്‍ ഉണ്ട്,
കേരളത്തിലെ ഏതൊരു വ്യക്തിയോടും ഹിന്ദു മതത്തെക്കുറിച് ചോദിചാല്‍ ” മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ലേ ” എന്ന് തിരിച്ചു ചോദിക്കും,
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകം നടക്കുന്ന സ്ഥലമാണ് കേരളം.
സൗദി അറേബ്യയില്‍ നിന്ന് വരുന്ന ഫണ്ട് കൊണ്ട് മലപ്പുറം ജില്ല ഭീകരവാദ കേന്ദ്രമായി.
എറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നതും ഏറ്റവുമധികം മാനസിക രോഗികള്‍ ഉള്ളതും
ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്നതും ഏറ്റവുമധികം വിവാഹേതര ബന്ധം പുലരുന്നതും
കേരളത്തിലാണെന്ന് ആര്‍.എസ്.എസ്് ആരോപിക്കുന്നു.

കേരളത്തിലാണ് ഗാര്‍ഹിക പീഡനം തടയല്‍ നിയമത്തിലൂടെ, വിവാഹേതര സഹവാസം എന്ന സങ്കല്‍പം ഇന്ത്യയില്‍ ആദ്യമായി മുന്നോട്ടു വെച്ചതെന്നും ലേഖനം പറയുന്നു. ഒരു പടികൂടി കടന്ന്, ഇന്ദിര ജയ്‌സിംഗ് (നിയമജ്ഞ)ആ നിയമത്തിന്റെ ഉപജ്ഞാതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികയും കേരളത്തിലെ കോളേജ് പെണ്‍കുട്ടികളുടെ മാതൃകാ ബിംബവും ആണ് എന്നുമുള്ള കൗതുകകരമായ കണ്ടുപിടുത്തവും നടത്തുകയാണ് ലേഖനത്തില്‍.
50ലേറെ വര്‍ഷത്തെ കമ്മ്യൂണിസം കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ ദൈവമില്ലെന്ന പൊതുധാരണ സൃഷ്ടിച്ചെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. കേരളത്തിലെ വിവിത മത വിശ്വാസികളെയും കേരളത്തിലെ ഹിന്ദുമുസ്‌ലീംക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ ജീവിതത്തെയും നിരാകരിച്ച്, പച്ചക്കള്ളങ്ങള്‍ നിരത്തുകയാണ് ആര്‍.എസ്.എസ് മുഖപത്രം.

ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ള മതനിരപേക്ഷ നിലപാടുകളെയും കേരളീ ജനതയുടെ മതനിരപേക്ഷ സമീപനങ്ങളെയും നുണകള്‍ കൊണ്ട് കടന്നാക്രമിക്കുന്ന ലേഖനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കമ്യൂണിസ്റ്റ് മനസ്‌ക്കന്‍ എന്നാണു വിശേഷിപ്പിക്കുന്നത്. അതില്‍ നിന്ന് തന്നെ ആര്‍ എസ് എസിന് നുണകളോടുള്ള കൂറും ആശ്രിതത്വവും വ്യക്തമാകും.

ദളിത് ഭവനങ്ങളില്‍ സ്ഥിരം സന്ദര്‍ശനം നടത്തി ബീഫ് കഴിച്ച ഇ എം എസ് ആണ് കേരളത്തില്‍ ബീഫ് ശീലമാക്കിയതെന്നും പറയുന്നുണ്ട് ലേഖനത്തില്‍.
രാജ്യത്തിന്റെ മത നിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവെക്കാന്‍ കേരളത്തെയും കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെയും തകര്‍ക്കണം എന്ന ഹീന മനസ്സിന്റെ തികട്ടലാണ് ആര്‍ എസ് എസ് മുഖപത്രത്തിലൂടെ പുറത്തു വരുന്നത്.

മാനവികതയ്ക്കും സത്യത്തിനും മതനിരപേക്ഷതയ്ക്കും അന്ത്യം കുറിക്കും എന്ന ഭീഷണിയാണ് സംഘ പരിവാര്‍ മുഴക്കുന്നത്.
മലപ്പുറം ജില്ലയെ ലക്ഷ്യമിട്ട് ഏറെ നാളായി ഇത്തരം പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ആ ജില്ലയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ആസൂത്രിതമായ നീക്കം ഇതിലൂടെ നടത്തുകയാണെന്ന് സംശയിക്കുന്നു.

നുണകള്‍ പ്രചരിപ്പിച്ച് കേരളത്തെ ലോകത്തിനു മുന്‍പില്‍ “ഭീകരവാദത്തിന്റെ കേന്ദ്രം” ആയി ചിത്രീകരിക്കാനും കടന്നാക്രമിക്കാനുമുള്ള ആര്‍.എസ്.എസ് പദ്ധതിയെ എന്ത് വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കും. അതിനായി ഇന്നാട്ടിലെ മത നിരപേക്ഷ വിശ്വാസികളെയാകെ അണിനിരത്തിയുള്ള പോരാട്ടം ഉയര്‍ത്തും.
സംഘപരിവാറിന്റെ നുണ ബോംബുകളില്‍ തകര്‍ന്നു പോകുന്നതല്ല കേരളത്തിന്റെ ഉന്നതമായ സംസ്‌കാരവും അതിനു തിളക്കം നല്‍കുന്ന മതനിരപേക്ഷതയും എന്ന് ജനങ്ങള്‍ തെളിയിക്കും. ആ ജനമുന്നേറ്റത്തിന്റെ മുന്നിരയില്‍ സി.പി.ഐ.എം ഉണ്ടാകും.

ഓര്‍ഗനൈസര്‍ ലേഖനത്തിന്റെ പരിഭാഷ വായിക്കാം:

We use cookies to give you the best possible experience. Learn more