തിരുവനന്തപുരം: പാലക്കാട് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ കേരളത്തിനെതിരെ ദേശീയതലത്തില്‍ സംഘടിതമായ വിദ്വേഷ പ്രചരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രിമാരുള്‍പ്പടെയുള്ളവര്‍ കേരളത്തേയും മലപ്പുറത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ഒരു മിണ്ടാപ്രാണിയുടെ മരണം, പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍ എന്നുള്ളത് വളരെ വേദനിപ്പിക്കുന്നതാണ്. എന്നാല്‍ അതിന്റെ പേരില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള നീക്കം എതിര്‍ക്കും. കേരളം കൊവിഡ് പ്രതിരോധത്തില്‍ ഖ്യാതി നേടുന്നതിനെ തടയാമെന്ന് ആരെങ്കിലും കരുതിയാല്‍ അത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ ചിലയാളുകള്‍ സംഭവത്തില്‍ കേരളത്തിനെതിരെ ബോധപൂര്‍വ്വം വിദ്വേഷ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘സത്യത്തെ മറച്ചുപിടിക്കാന്‍ കള്ളങ്ങളും അര്‍ധസത്യങ്ങളും നിറയ്ക്കുകയാണ്. ചിലര്‍ വര്‍ഗീയമായി ചിത്രീകരിക്കുന്നു. അതിനല്ല മുന്‍ഗണന നല്‍കേണ്ടത്. അനീതിയ്‌ക്കെതിരെ എന്നും നിലകൊണ്ടവരാണ് കേരള സമൂഹം. നിങ്ങള്‍ പറയുന്നതില്‍ സത്യത്തിന്റെ ചെറിയ കണികപോലുമുണ്ടെങ്കില്‍ ആ അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇവിടെയുള്ളവര്‍ക്കറിയാം. എല്ലാ അനീതികള്‍ക്കുമെതിരെ പോരാടുന്ന ജനതയാകാം നമുക്ക്. എന്നും, എപ്പോഴും’
നേരത്തെ പാലക്കാട് ജില്ലയില്‍ നടന്ന സംഭവത്തെ മലപ്പുറത്ത് നടന്നു എന്ന് പറഞ്ഞ് മനേക ഗാന്ധി വര്‍ഗീയമായി ചിത്രീകരിച്ചിരുന്നു. മൃഗങ്ങള്‍ക്കെതിരെ അക്രമം നടത്തുന്നവരില്‍ ഒരാള്‍ക്കെതിരെ പോലും ഒരു നടപടിയും ഇന്നേവരെ സംസ്ഥാനം സ്വീകരിച്ചിട്ടില്ല എന്നും കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600 ലേറെ ആനകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് മനേക ഗാന്ധി തന്റെ കുറിപ്പില്‍ ആരോപിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക