സംഘപരിവാര്‍ ഹര്‍ത്താലില്‍ ഒരുകോടിയുടെ സ്വകാര്യമുതലും 28 ലക്ഷത്തിന്റെ പൊതുമുതലും നശിപ്പിക്കപ്പെട്ടു: നിയമസഭയില്‍ കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി
Kerala News
സംഘപരിവാര്‍ ഹര്‍ത്താലില്‍ ഒരുകോടിയുടെ സ്വകാര്യമുതലും 28 ലക്ഷത്തിന്റെ പൊതുമുതലും നശിപ്പിക്കപ്പെട്ടു: നിയമസഭയില്‍ കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th January 2019, 9:55 am

 

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ഏറ്റവുമൊടുവിലായി സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലില്‍ ഒരു കോടി രൂപയുടെ സ്വകാര്യ മുതലും 28 ലക്ഷത്തിലേറെ രൂപയുടെ പൊതുമുതലും നശിപ്പിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി നിയമസഭ. ഹര്‍ത്താലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

“പൊതുമുതല്‍ നശിപ്പിച്ച വകയില്‍ 284372 രൂപയും സ്വകാര്യ മുതല്‍ നശിപ്പിച്ച വകയില്‍ 1328526 രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്.” മുഖ്യമന്ത്രി വ്യക്തമാക്കി.

ആവര്‍ത്തിച്ചുവരുന്ന ഹര്‍ത്താല്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഒരു സംഭാവനയും നല്‍കാത്ത കൂട്ടരാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read:ഞാന്‍ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്; എന്നെ മമ്മൂട്ടിയാക്കിയത് നിങ്ങളും എന്റെ സംവിധായകരുമാണ്; വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍

ഹര്‍ത്താലുമായി ബന്ധപ്പെട്ട് വര്‍ഗീയ കലാപങ്ങള്‍ക്കുപോലും ശ്രമം നടന്നു. പൊലീസിന്റെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടാണ് ഇത്തരം ശ്രമങ്ങള്‍ നടക്കാതെ പോയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മുന്നോട്ട് പോക്ക് തടയാന്‍ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹര്‍ത്താല്‍ മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണോയെന്ന് പി.കെ ബഷീര്‍ എം.എല്‍.എചോദിച്ചു. പ്രതിപക്ഷം സഹകരിച്ചാല്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഹര്‍ത്താല്‍ സംബന്ധിച്ചൊരു നിയമനിര്‍മാണത്തിന് തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇക്കാര്യം സര്‍വ്വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നും അതില്‍ സമവായമായശേഷം മാത്രം നിയമനിര്‍മാണത്തെക്കുറിച്ച് ചിന്തിക്കാമെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.