| Friday, 3rd July 2020, 6:25 pm

രോഗികളല്ല, രോഗമാണ് ശത്രു, മനുഷ്യത്വമാണ് ആയുധം; ക്വാറന്റീനില്‍ കഴിയുന്നവരെ ആക്രമിക്കുന്നതിനെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്വാറന്റീനില്‍ കഴിയുന്നവരോടും രോഗം ഭേദമായി വരുന്നവരോടും അനുഭാവപൂര്‍ണ്ണം പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതല്‍ വേണമെന്നാണ് ഈ സാഹചര്യം സൂചിപ്പിക്കുന്നത്. എല്ലാവരും ഒത്തൊരുമിച്ചു പോരാടണം. അതിനാലാണ് ലോകത്തിനു തന്നെ മാതൃകയായി ഈ മഹാമാരിയെ പിടിച്ചുകെട്ടാനായത്.

എന്നാല്‍ യശസ്സിന് കളങ്കം വരുത്തുന്ന ചില കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വരികയുണ്ടായി. അന്യദേശങ്ങളില്‍ നിന്നും കഷ്ടപ്പാടുകള്‍ താണ്ടി കേരളത്തിലെത്തിയ സഹോദരങ്ങളില്‍ ചിലര്‍ നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങള്‍ കേള്‍ക്കാനിടയായി. വീട് ആക്രമിക്കുക, ഊരു വിലക്കു മാതൃകയില്‍ വിലക്കു കല്‍പ്പിക്കുക, ചികിത്സ കഴിഞ്ഞവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് വന്നത്.

ഇന്ന് കോട്ടയത്തു നിന്ന് വിഷമകരമായ ഒരു അവസ്ഥ കേട്ടു. ബെംഗളൂരുവില്‍ നിന്നെത്തി, 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞു ഒരു യുവതിയും ഏഴും നാലും വയസ്സുള്ള മക്കളും. അവര്‍ വീട്ടില്‍ കയറാനാകാതെ എട്ടു മണിക്കൂറോളം കഴിഞ്ഞു.

അവരുടെ വീട്ടുകാരും ഭര്‍തൃവീട്ടുകാരും സ്വീകരിക്കാന്‍ തയാറായില്ല. ഒടുവില്‍ അവര്‍ക്ക് കലക്ട്രേറ്റില്‍ അഭയം തേടേണ്ടി വന്നു. ഇത്തരം കാര്യങ്ങള്‍ നമ്മളെ എവിടെയാണ് എത്തിക്കുന്നതെന്നു ചിന്തിക്കുക. അവരെ ഭീതിയോടെ അകറ്റി നിര്‍ത്തുകയല്ല വേണ്ടത്. സാമൂഹിക അകലം പാലിച്ച് സംരക്ഷിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിനെ നേരിടാന്‍ മനുഷ്യത്വമാണ് ആയുധമെന്നും രോഗികളെയല്ല രോഗത്തെയാണ് ശത്രുവായി കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more