| Sunday, 15th December 2019, 7:51 am

നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ആരും വരില്ല; പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: പൗരത്വ നിയമത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കുമെന്ന് തന്നെയാണ് പറയാനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തൃശൂരില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കരുതേണ്ട. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കും. ബംഗ്ലാദേശില്‍ നിന്നോ അഫ്ഗാനിസ്താനില്‍ നിന്നോ പാകിസ്താനില്‍ നിന്നോ കടന്നുവന്നവരാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നേയില്ല. പിതാവിന്റെയോ പിതാവിന്റെ പിതാവിന്റെയോ ജീവിതം ഇവിടെത്തന്നെയായിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് കേരളത്തിന് ബാധകമല്ലെന്ന് തന്നെയാണ് പറയാനുള്ളത്’. മുഖ്യമന്ത്രി പറഞ്ഞു.

നിയമത്തിന്റെ ബലംവെച്ച് എന്തും കാണിച്ചുകളയാമെന്ന ഹുങ്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഇന്ന് രാജ്യത്ത് നിയമഭേദഗതിക്കെതിരെ എല്ലാവരും അണിനിരന്ന് പോരാട്ടം നടത്തുന്നത്.

നമ്മുടെ ഭരണഘടന നമുക്ക് നല്‍കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തില്‍ ആളെ പരിശോധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അത് ആപത്താണ്’ -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭരണഘടനാ ധ്വംസനത്തിലേക്കുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കടുത്ത പ്രതിഷേധങ്ങളുടെ ചൂട് അറിഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാ ജനങ്ങളും ഒത്തുചേര്‍ന്നുള്ള പ്രതിഷേധമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കേരളത്തിലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അത്തരക്കാരോട് ഒന്നേ പറയാനൂള്ളൂ, വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പൗരത്വ ഭേദഗതി ബില്‍ ഇവിടെ നടപ്പിലാക്കാമെന്ന് വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ നേരത്തെയും പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more