| Thursday, 20th April 2017, 8:43 am

എള്ളെണ്ണ, ആയുര്‍വേദം, പ്രാതല്‍; ദല്‍ഹി യാത്രക്കിടെ കെജ്‌രിവാളിന് പിണറായി നല്‍കിയ ഉപദേശം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം മാത്രമല്ല ചില ആരോഗ്യകാര്യങ്ങളും ചര്‍ച്ചയായി. കെജ്‌രിവാളിന്റെ ആരോഗ്യം സംരക്ഷണത്തിനായി പിണറായി ചില ഉപദേശങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നത്.

സ്വരം നന്നാക്കാനുള്ള വഴിയായിരുന്നു പിണറായിയുടെ ഉപദേശങ്ങളിലൊന്ന്. “ദിവസം രാവിലെ അല്‍പം എള്ളെണ്ണ കവിള്‍കൊണ്ടു നോക്കൂ” എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. “കണ്ഠശുദ്ധി വന്നാല്‍ ഒന്നു പാടിനോക്കാവുന്നതാണ്” അപ്പോള്‍ വന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിന്റെ കമന്റ്.

കണ്ഠശുദ്ധി വരുത്താന്‍ ഗായകന്‍ യേശുദാസ് പിന്തുടരുന്ന ശീലമാണിതെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ബ്രിട്ടാസിന്റെ കമന്റ്.


Must Read: ‘ നിനക്ക് ഈ കിട്ടിയതൊന്നും മതിയായില്ലേടാ…’; മോഹന്‍ലാലിനെ ജോക്കറെന്നു വിളിച്ച് വീണ്ടും കെ.ആര്‍.കെ; പൊങ്കാലക്കാലം അവസാനിപ്പിക്കാതെ ആരാധകരുടെ തെറിയഭിഷേകം 


പാടിനോക്കാമെന്ന് ബ്രിട്ടാസ് പറഞ്ഞപ്പോള്‍ ഒരു കൈ നോക്കാന്‍ മടിയില്ല എന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി.

പ്രകൃതി ചികിത്സയ്‌ക്കൊപ്പം ആയുര്‍വേദ ചികിത്സ നോക്കാവുന്നതാണ് എന്നായിരുന്നു പിണറായി നല്‍കിയ മറ്റൊരു ഉപദേശം. കേരള ഹൗസില്‍ പ്രാതല്‍ കഴിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹം ഇതു പറഞ്ഞത്. ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്കു ക്ഷണിക്കുകയും ചെയ്തു അദ്ദേഹം.

ഭക്ഷണം കഴിക്കുന്ന വേളയില്‍ പ്രാതലിന്റെ ഗുണഗണങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. തീന്‍മേശയില്‍ അപ്പം, പച്ചക്കറി സ്റ്റൂ, ഇടിയപ്പം, മസാല ദോശ, പുട്ട് എന്നിവയെല്ലാം നിരത്തിവെച്ചിരരുന്നു. എല്ലാ വിഭവങ്ങളും കഴിച്ചുനോക്കാന്‍ മുഖ്യമന്ത്രി കെജ്‌രിവാളിനോട് ആവശ്യപ്പെടുകയും ചെയ്തു.

We use cookies to give you the best possible experience. Learn more