| Thursday, 11th April 2019, 11:56 am

വയനാടിന്റെ ചരിത്രം അമിത്ഷായ്ക്ക് അറിയില്ല; സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസ്സിലാവൂ; പാക് പരാമര്‍ശത്തില്‍  പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോയെന്ന ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത്ഷാ വയനാടിനെ അപമാനിച്ചു. വയനാടിനെതിരെ അമിത്ഷായുടെ പരാമര്‍ശം വര്‍ഗീയ വിഷം തുപ്പുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

വയനാടിന്റെ ചരിത്രം അമിത്ഷായ്ക്ക് അറിയില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസ്സിലാവൂ എന്നും പിണറായി പറഞ്ഞു.

എല്ലാം വര്‍ഗീയമായി കാണുന്നതാണ് ആര്‍.എസ്.എസിന്റെ രീതിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

ആര്‍.എസ്.എസിന്റെ പ്രചാരണം തടയാന്‍ യു.ഡി.എഫിന് കഴിയുന്നില്ലെന്നും കോടിയേരി ആരോപിച്ചിരുന്നു. പാക്കിസ്ഥാന്റെ പതാകയല്ല വയനാട്ടില്‍ ഉപയോഗിച്ചതെന്ന് മുസ്‌ലീം ലീഗിന്റെ നേതാക്കള്‍ പ്രതികരിച്ചില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

നാഗ്പുരില്‍ നിതിന്‍ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം.
ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പച്ചക്കൊടിയുമായി റാലിയെ അനുഗമിച്ചതിനെ ലക്ഷ്യമിട്ടാണ് അമിത് ഷായുടെ പരാമര്‍ശം. ആ റാലി കണ്ടാല്‍, അത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോയെന്ന് നിങ്ങള്‍ക്ക് പറയാനാവില്ല എന്നായിരുന്നു വിമര്‍ശനം. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മല്‍സരിക്കുന്നതെന്നും ഇന്ത്യ പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ രാജ്യം മുഴുവന്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍ പാകിസ്ഥാനും കോണ്‍ഗ്രസ് പാര്‍ട്ടിയും വിഷമത്തിലായിരുന്നു. കോണ്‍ഗ്രസിന്റെ സാം പിത്രോഡ പാകിസ്താനുവേണ്ടിയാണ് വാദിക്കുന്നത്. പുല്‍വാമയില്‍ ആക്രമണം നടത്തിയവരെ ന്യായീകരിക്കാനാവുമോയെന്നും അമിത് ഷാ പറഞ്ഞു.

മുന്‍പ് രാഹുല്‍ ഗാന്ധി പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പച്ചക്കൊടിയുമായി അനുഗമിച്ചതിനെതിരേ യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെ പച്ചവൈറസ് ബാധിച്ചിരിക്കുകയാണെന്ന് ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.

‘കേരളത്തിലെ ഒരു സീറ്റില്‍ രാഹുല്‍ഗാന്ധി നടത്തിയ നോമിനേഷന്‍ റാലി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കോണ്‍ഗ്രസ് കൊടികള്‍ക്ക് പകരം പച്ചക്കൊടികള്‍ മാത്രമാണ് അവിടെ നിങ്ങള്‍ക്ക് കാണാനായത്. കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണ്’

രാജ്യത്തിന്റെ സമ്പത്തില്‍ മുസ്ലിംങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് പറഞ്ഞത്. രാജ്യത്ത് ബാക്കിയുള്ളവരെല്ലാം സമ്പത്തിന് വേണ്ടി എങ്ങോട്ട് പോകണമെന്നാണ് എനിക്ക് കോണ്‍ഗ്രസിനോട് ചോദിക്കാനുള്ളത്.’ യോഗി ആദിത്യനാഥ് പറഞ്ഞു.

വൈറസ് പരാമര്‍ശത്തില്‍ യോഗിയ്ക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ ലീഗ് പരാതി നല്‍കിയിരുന്നു. ലീഗിനെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്ന നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യുക, ഐപിസി 153 എ (മതസ്പര്‍ധ വളര്‍ത്തല്‍) വകുപ്പ് അനുസരിച്ച് കേസെടുക്കുക, പാക്കിസ്ഥാന്‍ ദേശീയപതാകയുമായി ചേര്‍ത്ത് ലീഗ് പതാകയെ ആക്ഷേപിക്കുന്നത് തടയുക, തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നടപടിയെടുക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.

We use cookies to give you the best possible experience. Learn more