ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ല; പൊലീസിനെ ആദ്യം ആക്രമിച്ചത് ഉസ്മാനാണ്: എടത്തല ആക്രമണത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി
Kerala
ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ല; പൊലീസിനെ ആദ്യം ആക്രമിച്ചത് ഉസ്മാനാണ്: എടത്തല ആക്രമണത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th June 2018, 11:09 am

ആലുവ: എടത്തല പൊലീസ് ആക്രമണക്കേസില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

ഉസ്മാനാണ് ആദ്യം പൊലീസിനെ ആക്രമിച്ചത്. അതിനുശേഷമാണ് പൊലീസ് തിരിച്ച് മര്‍ദ്ദിച്ചത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അന്വേഷിക്കുന്നതാണ്- മുഖ്യമന്ത്രി പറഞ്ഞു.


ALSO READ: രാജസ്ഥാനില്‍ ഇനി മദ്യപിക്കണമെങ്കില്‍ പശു സംരക്ഷണ നികുതി കൂടെ നല്‍കണം


മാത്രമല്ല ഉസ്മാനെ ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമപാലകരായ പൊലീസുകാര്‍ സാധാരണക്കാരുടെ നിലവാരത്തിലേക്ക് താഴാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പോക്‌സോ കേസില്‍ മൊഴിയെടുക്കാനാണ് പൊലീസുകാര്‍ മഫ്തിയില്‍ പോയതെന്നും പിണറായി പറഞ്ഞു.

“ഈ സംഭവത്തിന്റെ പേരില്‍ തീവ്ര സ്വഭാവമുള്ള ചില സംഘടനകള്‍ എടത്തല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും മാര്‍ച്ചിന്റെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതിലുണ്ടായിരുന്നവരെ മുഴുവന്‍ പ്രതിപക്ഷത്തിന് അറിയില്ലെങ്കിലും ചിലരെയെങ്കിലും ആലുവ എം.എല്‍.എയായ അന്‍വര്‍ സാദത്തിന് അറിയാമായിരിക്കും. ആലുവ സ്വതന്ത്ര റിപ്പബ്‌ളിക്കാണെന്ന് ആരും കരുതരുത്. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ കെണിയില്‍ പ്രതിപക്ഷം വീഴരുതെന്നും” മുഖ്യമന്ത്രി പറഞ്ഞു.