തിരുവനന്തപുരം: മീഡിയാവണ്ണിനൊപ്പം വര്‍ഗീയശക്തികളുടെ മര്‍ദക സംവിധാനങ്ങളോടുള്ള എതിര്‍പ്പിന്റെ ചൂട് പങ്കുവെക്കുന്നയാളാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ താനും മീഡിയാവണ്ണും തമ്മില്‍ ചില നിലപാടുകളുടെ കാര്യത്തില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മീഡിയാവണ്‍ ഫേസ് ഓഫ് കേരള പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവളം ലീല റാവിസില്‍ നടന്ന ചടങ്ങില്‍ മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബും ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാലും മാധ്യമം മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാനും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് പുരസ്‌കാരം സമ്മാനിച്ചത്.
വര്‍ഗീയശക്തികളുടെ അപ്രീതിക്ക് പാത്രമായി ഒരു ഘട്ടത്തില്‍ അടച്ചുപൂട്ടപ്പെട്ട സ്ഥാപനമാണ് മീഡിയാവണ്ണന്നെും അവര്‍ നല്‍കുന്ന പുരസ്‌കാരമാണ് താന്‍ ഏറ്റുവാങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘പുരസ്‌കാരങ്ങളോടുള്ള എന്റെ സമീപനം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
മീഡിയാവണ്ണിന്റെ ഈ പുരസ്‌കാരം പക്ഷെ, വര്‍ഗീയതയില്‍ അധിഷ്ഠിതമായ ഒരു ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായ, ഒരു ഘട്ടത്തില്‍ അടച്ചുപൂട്ടപ്പെട്ട ഒരു സ്ഥാപനം നല്‍കുന്ന പുരസ്‌കാരമാണ്. അവരുടെ നിലപാടുകളില്‍, അധികാര വ്യവസ്ഥയോട്, അതിന്റെ മര്‍ദക സംവിധാനങ്ങളോട് എല്ലാമുള്ള ഒരു എതിര്‍പ്പിന്റെ കനല്‍ നമുക്ക് കാണാന്‍ കഴിയും.
ആ നിലപാടിന്റെ ചൂട് പങ്കുവെക്കുന്നയാളാണ് ഞാനും. അത് ഒരു മതനിരപേക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായതിലൂടെ എനിക്ക് കിട്ടിയതാണ്. മീഡിയാവണ്ണിന്റെയും എന്റെയും, എന്റെ പ്രസ്ഥാനത്തിന്റെയും നിലപാടുകള്‍ ആ നിലക്ക് യോജിച്ചുപോകുന്നുണ്ട്. അതിനര്‍ത്ഥം വിയോജിപ്പിന്റെ മേഖലകള്‍ ഇല്ലെന്നല്ല. പക്ഷെ ആ വിയോജിപ്പുകള്‍ മതനിരപേക്ഷതക്ക് വേണ്ടി യോജിക്കുന്നതിന് തടസമല്ല. നിരോധനത്തിന്റെ ഘട്ടത്തില്‍ ഞാനും എന്റെ പ്രസ്ഥാനവും രണ്ടാമതൊന്ന് ആലോചിക്കാതെ മീഡിയവണ്ണിനൊപ്പം നിന്നിട്ടുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.
കൂടെ നല്‍ക്കേണ്ട സമയത്ത് ഒപ്പമുണ്ടാകുമെന്നും എന്നാല്‍ വിയോജിപ്പുകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
‘വിയോജിപ്പുകളും ഒപ്പം നില്‍ക്കുന്നതും തുടരും. മറ്റൊന്ന് ഈ പുരസ്‌കാരം, ഏതെങ്കിലും കോര്‍പറേറ്റുകള്‍ നല്‍കുന്ന ഒന്നല്ല എന്നതാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തി നിര്‍ണയിച്ചതാണ്. ആ നിലക്ക് ഏറിയോ കുറഞ്ഞോ ജനാധിപത്യ സ്വഭാവമുള്ള പുരസ്‌കാരമാണ് ഇത്. ജനഹിതത്തെ നാം അവഗണിച്ചുകൂടാ. ഈ തത്വം ഫേസ് ഓഫ് കേരള പുരസ്‌കാരം സ്വീകരിക്കാന്‍ തീരുമാനിക്കുമ്പോള്‍ എന്റെ മനസിലുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.
മീഡിയാവണ്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മുന്നോട്ടുവെച്ച 10 പേരുകളില്‍ നിന്നാണ് പ്രേക്ഷകര്‍ വോട്ടെടുപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.