'ഉപ്പും മുളകും' പരിപാടിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; നാടിന്റെ അതിജീവനത്തിന് സഹായമാകുന്നത് സ്വാഗതാര്‍ഹം
Kerala News
'ഉപ്പും മുളകും' പരിപാടിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; നാടിന്റെ അതിജീവനത്തിന് സഹായമാകുന്നത് സ്വാഗതാര്‍ഹം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th August 2019, 7:20 pm

കോഴിക്കോട്: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നിരവധി പേരാണ് നാനാ ഭാഗങ്ങളില്‍ നിന്നും എത്തുന്നത്. ക്യാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങള്‍ എത്തിച്ചും തങ്ങള്‍ക്കാവുന്നവിധം സഹായങ്ങള്‍ നല്‍കിയും നിരവധി പേരാണ് മുമ്പോട്ട് വരുന്നത്. ഇന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി ഒരു എപ്പിസോഡ് നീക്കി വെച്ചിരിക്കുകയാണ് ഫ്‌ളവേഴസ് ചാനലിലെ ഉപ്പു മുളകും പരിപാടി. പിന്നാലെ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. പരിപാടിയുടെ ശില്‍പ്പികളെയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചത്.

‘നാടിന്റെ അതിജീവനത്തിന് സഹായം പകരാന്‍ മാധ്യമങ്ങളും രംഗത്തു വരുന്നുണ്ട്. ഫ്‌ലവേഴ്‌സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാര്‍ഹമാണ്. അതിന്റെ ശില്‍പികളെ അഭിനന്ദിക്കുന്നു.’ എന്നായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല; എത്ര വലിയ സംഭാവനയും വലുതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തു നിന്നും ലഭിക്കുന്ന സംഭാവനകള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയുള്ള ജനങ്ങളുടെ പ്രതികരണമാണ്. നാടിന്റെ അതിജീവനത്തിന് സഹായം പകരാന്‍ മാധ്യമങ്ങളും രംഗത്തു വരുന്നുണ്ട്. ഫ്‌ലവേഴ്‌സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാര്‍ഹമാണ്. അതിന്റെ ശില്‍പികളെ അഭിനന്ദിക്കുന്നു.