|

കസ്റ്റഡിമരണക്കേസില്‍ കുറ്റക്കാരായവര്‍ സര്‍വ്വീസിലുണ്ടാകില്ല; ജുഡീഷ്യല്‍ അന്വേഷണത്തിന് കാലതാമസമെടുക്കുമെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പീരുമേട് കസ്റ്റഡിമരണക്കേസില്‍ കുറ്റക്കാരായവര്‍ സര്‍വ്വീസിലുണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കേസില്‍ കുറ്റക്കാരായ ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ക്രൈം ബ്രാഞ്ച് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നില്‍ പൊലീസിന്റെ സ്വാധീനം ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നാട്ടുകാര്‍ക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നു എന്നും ആരോപിച്ച് വി.ഡി സതീശനാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിനാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇത് രണ്ടാം തവണയാണ് പീരുമേട് കസ്റ്റഡി മരണക്കേസ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കുന്നത്.

ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ അത് കാലതാമസമുണ്ടാക്കും എന്ന നിലപാടിലാണ് സര്‍ക്കാര്‍.

കേസില്‍ സബ് ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ന്യുമോണിയയാണ് രാജ്കുമാറിന്റെ മരണത്തിലേക്ക് നയിച്ചത്. ന്യുമോണിയക്ക് കാരണം കൃത്യസമയത്ത് ചികിത്സ നല്‍കാത്തതാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.രാജ്കുമാറിന് ചികിത്സ ഉറപ്പാക്കുന്നതില്‍ ജയിലധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നും വീഴ്ച മനഃപൂര്‍വമാണോ എന്ന് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

എസ്.പി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന വിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. പ്രതിപക്ഷം നേരത്തെ എസ്.പിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. തെളിവുകള്‍കൂടി ലഭിച്ച സാഹചര്യത്തില്‍ എസ്.പിക്കെതിരെ നടപടിയെടുത്തേക്കും.