| Wednesday, 26th January 2022, 8:49 am

മെഗാതിരുവാതിരയിലെ പിണറായി സ്തുതിയും പി. ജയരാജന്‍ വ്യക്തിപൂജയും ഒന്നല്ല: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മെഗാതിരുവാതിരക്കളിയില്‍ പിണറായി വിജയനെ സ്തുതിച്ചുള്ള പാട്ട് വ്യക്തി പൂജയായി കണക്കാക്കാനാവില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാട്ടൊന്നുമല്ല പാടിയതെന്നും കോടിയേരി പറഞ്ഞു.

പലരും പല വ്യക്തികളെയും പുകഴ്ത്തി പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാട്ടൊന്നുമല്ല അവിടെ പാടിയതെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു.

നേരത്തെ പി. ജയരാജനെ പുകഴ്ത്തി പാട്ട് വന്നപ്പോള്‍ വ്യക്തി പൂജ ആരോപിച്ച് നടപടി എടുത്തിരുന്നല്ലോ എന്ന ചോദ്യത്തിന് ആ വിഷയവും ഇതും ഒന്നായി വ്യാഖ്യാനിക്കരുതെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

‘അതും ഇതും വ്യത്യസ്തമാണ്. പി.ജെ. ആര്‍മി എന്ന പേരിലുള്ള ഗ്രൂപ്പിനകത്ത് ജയരാജനെ പുകഴ്ത്തി പറഞ്ഞതിനെ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. പി.ജെ. ആര്‍മി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലുണ്ടായ ചില പ്രശ്നങ്ങളാണ് അന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടിയത്,’ അദ്ദേഹം പറഞ്ഞു.

മെഗാതിരുവാതിരക്കളി തെറ്റായിരുന്നു എന്ന് പാര്‍ട്ടി സമ്മതിച്ചതാണ്. തെറ്റാണെന്ന് പറയുന്നത് തന്നെ തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിരുവനന്തപുരത്ത് നടത്തിയ വിവാദ തിരുവാതിരയില്‍ സംഘാടക സമിതി ക്ഷമാപണം നടത്തിയിരുന്നു. തിരുവാതിര നടന്ന ദിവസവും ചില വരികളും സഖാക്കള്‍ക്ക് വേദനയുണ്ടാക്കിയെന്നും അതില്‍ ക്ഷമ ചോദിക്കുന്നെന്നും കമ്മിറ്റി അറിയിച്ചിരുന്നു.

മെഗാ തിരുവാതിരയില്‍ അതൃപ്തിയറിയിച്ച് സി.പി.ഐ.എം സംസ്ഥാന നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ നടത്തിയ പരിപാടി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തിരുവാതിര അവതരിപ്പിച്ചതില്‍ നേതാക്കള്‍ക്ക് അവമതിപ്പുണ്ടാക്കിയെന്നും. തിരുവാതിര നടത്താനുളള തീരുമാനവുമായി മുന്നോട്ട് പോയതിലും സംസ്ഥാന നേതൃത്വം വിമര്‍ശിച്ചു. ധീരജിന്റെ വിലാപയാത്രക്കിടെ സി.പി.ഐ.എം ഇത്തരമൊരു ആഘോഷ പരിപാടി സംഘടിപ്പിച്ചത് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് കോടിയേരി വ്യക്തമാക്കിയത്.

തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ടെന്നും ഇത് ഒഴിവാക്കേണ്ടിയിരുന്നുവെന്നും മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. 502 വനിതകളാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായുള്ള മെഗാതിരുവാതിരകളിയില്‍ പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനനെതിരെ പാറശാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.


Content Highlights: Pinarai Stuti and P. in Megathiruvathira. Jayajan personal worship is not the same: Kodiyeri

We use cookies to give you the best possible experience. Learn more