രാജ്യ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സി.പി.ഐ.എം നീക്കം പ്രതിഷേധാര്‍ഹം: വി.ഡി. സതീശന്‍
തിരുവനന്തപുരം: രാജ്യ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സി.പി.ഐ.എമ്മിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
ചൈനയെ വളയാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വി.ഡി. സതീശന്‍ രംഗത്തെത്തിയത്.
നമ്മുടെ അതിര്‍ത്തിയില്‍ നിരന്തരമായ സംഘര്‍ഷമാണ് ചൈന ഉണ്ടാക്കുന്നത്. അരുണാചല്‍ പ്രദേശിന്റെ വലിയൊരു ഭാഗം ചൈന കൈയ്യേറിയിട്ടുണ്ട്. ഇത്തരത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സി.പി.ഐ.എമ്മിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സമാനമായ രീതിയിലാണ് ചൈനയുടെ വിദേശകാര്യ നയമെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.
‘ചൈനയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്നൊരു ആക്ഷേപം പണ്ടേയുണ്ട്. അതിന് അടിവരയിടുന്ന നിലപാടാണ് സി.പി.ഐ.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് ചുറ്റുമുള്ള ശത്രുരാജ്യങ്ങളുമായി മറ്റു ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ചൈന, നമ്മുടെ സുരക്ഷിതത്വത്തിന് പോലും ഭീഷണി ഉയര്‍ത്തുകയാണ്. ഇന്ത്യ- ചൈന യുദ്ധകാലത്ത് ഇ.എം.എസ് പറഞ്ഞതു പോലെ, ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന ഭൂ പ്രദേശം എന്ന വിവാദ പ്രസ്താവനയ്ക്ക് സമാനമായ ഒരു നീക്കമാണ് സി.പി.ഐ.എം നേതൃത്വം നടത്തുന്നത്.
ചൈനയുടെ കാര്യത്തില്‍ പാര്‍ട്ടി നയം എന്താണെന്ന് സി.പി.ഐ.എം വ്യക്തമാക്കണം. രാജ്യ താല്‍പര്യമാണോ ചൈനയുടെ താല്‍പര്യമാണോ വലുത്? ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ ഇന്ത്യയിലെ സി.പി.ഐ.എമ്മിനെ നിയന്ത്രിക്കുന്നതെന്നും വ്യക്തമാക്കണം,’ സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചൈനാ നിലപാടില്‍ എസ്. രാമചന്ദ്രന്‍ പിള്ളയോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.
സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരേ ശരിയായ നിലപാട് സ്വീകരിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞിരുന്നു. ഇന്ത്യയിലെ ചൈനാവിരുദ്ധ പ്രചാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണെന്ന എസ്.ആര്‍.പിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: CPIM’s move to uphold China’s interest more than national interest protest: VD Satheesan