[share]
[] ഹൈദരാബാദ്: വിമാനം പറക്കുന്നതിനിടെ ഹോളി ആഘോഷിച്ചതിന് പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ്‌ജെറ്റിലെ രണ്ട് പൈല്റ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. സുരക്ഷ ലംഘനമെന്ന് കാണിച്ചാണ് ഇവരെ വ്യോമയാന ഡയറക്ടര്‍ ജനറല്‍ സസ്‌പെന്‍ഡ് ചെയ്തത്.
ഹോളി ആഘോഷത്തിന്റെ ഭാഗമായി സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് ഇറങ്ങിവന്ന് പൈലറ്റുമാര്‍ നൃത്തംവെച്ചത്.
സംഭവത്തില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ സ്‌പൈസ്‌ജെറ്റിന് കാരണം കാണിക്കല്‍ നേട്ടീസയയ്ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ആഘോഷത്തിന് പ്രൊഫഷണലായി സംവിധാനം ചെയ്ത് രണ്ടര മിനിറ്റ് നൃത്തമാണ് അവതരിപ്പിച്ചതതെന്നും പ്രമുഖ വിമാനകമ്പനികള്‍ ആഘോഷവേളകളില്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു.
വിമാനത്തില്‍ വെച്ച് ഹോളി ആഘോഷത്തിന്റെ ഭാഗമായി പൈലറ്റുമാരും എയര്‍ഹോസ്റ്റസുമാരും നൃത്തം ചെയ്തത് യാത്രക്കാരില്‍ ചിലര്‍ വിഡിയോയില്‍ പകര്‍ത്തി യൂ ട്യൂബിലും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്് സൈറ്റുകളിലും അപ്‌ലോഡ് ചെയ്യുകയായിരുന്നു.
കോക്പിറ്റില്‍ നിന്ന് പൈലറ്റ് ഇറങ്ങിവന്ന് ഹോളി ആഘോഷത്തിന്റെ ഫോട്ടോ എടുക്കുന്നതും വീഡിയോയിലുണ്ട്.
സംഭവം വിവാദമായതോടെ ന്യായീകരണവുമായി സ്‌പൈസ്‌ജെറ്റ് രംഗത്തെത്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ചട്ടപ്രകാരം വിമാനത്തിന്റെ കോക്ക്പിറ്റില്‍ എല്ലാ സമയവും ആളുണ്ടാകാറുണ്ടെന്നും പൈലറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പുറത്ത് പോകുമ്പോള്‍ സഹപൈലറ്റ് കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നുമാണ് സ്‌പൈസ്‌ജെറ്റ് അവകാശപ്പെട്ടത്.