'ഞാന്‍ ഇവിടെ പച്ചക്കറി വില്‍ക്കാന്‍ വന്നതല്ല, മുഖ്യമന്ത്രിയാണ്; സച്ചിന്‍ പൈലറ്റിന്റെ യഥാര്‍ത്ഥം മുഖം എന്തെന്ന് അറിയാം': ആഞ്ഞടിച്ച് ഗെലോട്ട്
India
'ഞാന്‍ ഇവിടെ പച്ചക്കറി വില്‍ക്കാന്‍ വന്നതല്ല, മുഖ്യമന്ത്രിയാണ്; സച്ചിന്‍ പൈലറ്റിന്റെ യഥാര്‍ത്ഥം മുഖം എന്തെന്ന് അറിയാം': ആഞ്ഞടിച്ച് ഗെലോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th July 2020, 3:17 pm

ജയ്പൂര്‍: കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശമനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

കഴിഞ്ഞ ആറ് മാസമായി ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ സച്ചിന്‍ പൈലറ്റ് നടത്തുന്നുണ്ടെന്നായിരുന്നു ഗെലോട്ട് ആരോപിച്ചത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൈലറ്റ് ചില ശ്രമങ്ങളുണ്ടെന്ന് താന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ലെന്നും ഗെലോട്ട് പറഞ്ഞു.

നിഷ്‌ക്കളങ്കമായ മുഖം വെച്ച് അദ്ദേഹം ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ എനിക്കതറിയാം. ഞാന്‍ ഇവിടെ പച്ചക്കറി വില്‍ക്കാന്‍ വന്നതല്ല, ഞാന്‍ ഇവിടുത്തെ മുഖ്യമന്ത്രിയാണ് എന്നായിരുന്നു അശോക് ഗെലോട്ട് എ.എന്‍.ഐയോട് പ്രതികരിച്ചത്.

നേരത്തെ സച്ചിന്‍ പൈലറ്റിനെതിരായ വിമര്‍ശനങ്ങളില്‍ നിന്നും നേതാക്കള്‍ പിന്നാക്കം പോയിരുന്നു. തുടക്കത്തില്‍ സച്ചിന്‍ പൈലറ്റിനെ എതിര്‍ത്തു സംസാരിച്ച ഗെലോട്ട് അടക്കം പിന്നീട് നയപരമായ രീതിയില്‍ കാര്യങ്ങളെ സമീപിക്കുന്നതായിരുന്നു കണ്ടത്.

സച്ചിന്‍ പൈലറ്റിന് വേണ്ടി പാര്‍ട്ടിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം തിരിച്ചുവന്നാല്‍ ചേര്‍ത്തുപിടിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലടക്കം ഗെലോട്ട് പറഞ്ഞത്.

അതേസമയം ബി.ജെ.പിയില്‍ ചേരണമെന്നാവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നെന്നും പറഞ്ഞ് രാജസ്ഥാന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഗിരിരാജ് സിങ് മലിംഗയും രംഗത്തെത്തിയിട്ടുണ്ട്.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ചില ശ്രമങ്ങള്‍ പൈലറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായുള്ള ചില സൂചനങ്ങള്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഗെലോട്ടിന് നല്‍കിയിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള 19 എം.എല്‍.എമാരെ അയോഗ്യരാക്കിയ രാജസ്ഥാന്‍ സ്പീക്കറുടെ നടപടിക്കെതിരെ പൈലറ്റും എം.എല്‍.എമാരും നല്‍കിയ ഹരജിയില്‍ കോടതി വാദം തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ