| Saturday, 23rd April 2016, 12:11 pm

സഹപൈലറ്റിനെ ഒഴിവാക്കി എയര്‍ഹോസ്റ്റസിനെ നിര്‍ബന്ധിച്ച് കോക്പിറ്റില്‍ ഇരുത്തിയ പൈലറ്റിനെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എയര്‍ ഹോസ്റ്റസിനെ കോക്പിറ്റില്‍ ഇരുത്തി വിമാനം പറത്തിയ പൈലറ്റിനെ അധികൃതര്‍ പുറത്താക്കി.

ബോയിംഗ് 737 വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് എയര്‍ഹോസ്റ്റസിനെ വിളിച്ചു വരുത്തുകയും ഒപ്പമിരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് പൈലറ്റിനെതിരെയുള്ള പരാതി.

സഹ പൈലറ്റിനെ കോക്ക്പിറ്റിന് പുറത്തയച്ച ശേഷം എയര്‍ഹോസ്റ്റസിനെ പൈലറ്റിന്റെ സീറ്റില്‍ ഇരുത്തിയാണ് വിമാനം പറപ്പിച്ചത്.

ഫെബ്രുവരി 28ന് കൊല്‍ക്കത്തയില്‍ നിന്നും ബാങ്കോക്കിലേക്ക് പോയ ബോയിങ് 737 സ്‌പെയിസ് ജെറ്റ് വിമാനത്തിലാണ് സംഭവമുണ്ടായത്.

സഹ പൈലറ്റിനെ കോക്പിറ്റില്‍ നിന്നും പുറത്താക്കിയ മുഖ്യ പൈലറ്റ് എയര്‍ഹോസ്റ്റസിനെ കോക്പിറ്റിലിരുത്തുകയും ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. ബാങ്കോക്കിലേക്കുള്ള യാത്രയിലും തിരിച്ചും എയര്‍ഹോസ്റ്റസിനെ കോക്പിറ്റില്‍ ഇരുത്തിയാണ് പൈലറ്റ് വിമാനം പറത്തിയത്.

ചീഫ് എയര്‍ ഹോസ്റ്റസിനോടും ഇയാള്‍ മോശമായി സംസാരിക്കുകയും ഇവര്‍ ഇതേക്കുറിച്ച് പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സ്‌പൈസ്‌ജെറ്റ് അധികൃതര്‍ക്ക് സംഭവത്തെക്കുറിച്ച് പരാതി നല്‍കിയ ചീഫ് എയര്‍ ഹോസ്റ്റസ്, വിവരം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡിജിസിഎ) അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതിയെക്കുറിച്ച് അന്വേഷിച്ച സ്‌പൈസ്‌ജെറ്റ് അധികൃതര്‍ പൈലറ്റിനെ പുറത്താക്കുകയായിരുന്നു.

എയര്‍  ഹോസ്റ്റസിന്റെ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റിനെതിരെ നടപടിയെടുത്തതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

പൈലറ്റിന്റെ സീറ്റില്‍ അനുമതിയില്ലാത്തയാളെ ഇരുത്തി ഗുരുതര സുരക്ഷാ വീഴ്ച വരുത്തുകയും ജോലിസ്ഥലത്ത് വനിതാ ജീവനക്കാരിയെ ലൈംഗികമായി അപമാനിക്കുകയും ചെയ്തതിനാണ് പൈലറ്റിനെ പുറത്താക്കിയത്.

ബാങ്കോക്കില്‍ നിന്നുള്ള മടക്കയാത്രയിലും പൈലറ്റ് ഇപ്രകാരം തന്നെ ചെയ്തതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പുറത്താക്കാന്‍ സ്‌പൈസ്‌ജെറ്റ് തീരുമാനിച്ചത്.

പൈലറ്റ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വിമാനം പറത്തുന്നതിനുള്ള ഇയാളുടെ ലൈസന്‍സും റദ്ദാക്കും.

We use cookies to give you the best possible experience. Learn more