| Monday, 20th July 2020, 9:34 am

ഗെലോട്ട് പ്ലാന്‍ ബി ഉണ്ടാക്കുമ്പോഴും സച്ചിനെ കൈവിടാനാവാതെ ഉന്നത നേതൃത്വം; സച്ചിനും പ്രിയങ്കയും ഫോണ്‍ സംഭാഷണം നടത്തിയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടാനാകുമെന്ന പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്.

തനിക്കും 18 എം.എല്‍.എമാര്‍ക്കുമെതിരെ ആരംഭിച്ച അയോഗ്യത നടപടികളെ ചോദ്യം ചെയ്തുകൊണ്ട് സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലും സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി പൈലറ്റ് ബന്ധപ്പെടുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

വാരാന്ത്യം പൈലറ്റ് പ്രിയങ്കയെ ഫോണില്‍ വിളിച്ചതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളൊന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. പ്രിയങ്കയുള്‍പ്പെടെയുള്ള ഉന്നത നേതൃത്വം പൈലറ്റിനെ കാണാന്‍ തയ്യാറാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമതര്‍ക്കെതിരെ അശോക് ഗെലോട്ട് സര്‍ക്കാര്‍ പദ്ധതി ബി അണിയറയില്‍ തയ്യാറാക്കുന്നതിനിടെയാണ് സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്നും സച്ചിന്‍ പൈലറ്റിനെയും എം.എല്‍.എമാരെയും അയോഗ്യരാക്കിയ നടപടിയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെ പുതിയ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട് എന്നാണ് സൂചനകള്‍.

അയോഗ്യരാക്കിയ നടപടിക്കെതിരെയാണ് കോടതി വിധിയെങ്കില്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ചാണ് കോണ്‍ഗ്രസ് തീരുമാനത്തിലെത്തിയിരിക്കുന്നത്. പൈലറ്റ് ക്യാമ്പിന് അനുകൂലമായാണ് വിധിയെങ്കില്‍ ഉടന്‍ തന്നെ നിയമസഭ വിളിച്ചുചേര്‍ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ നിയമ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

വിമത എം.എല്‍.എമാരെ തുറന്നുകാട്ടുന്നതിനായി വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ വിളിച്ചുകൂട്ടാനുള്ള സാധ്യത കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിക്കളയുന്നില്ല.

സച്ചിന്‍ പൈലറ്റിന്റെ ഹരജിയിലെ വാദം തിങ്കളാഴ്ച പുനരാരംഭിക്കും, അടുത്ത നടപടി കോടതിയില്‍ എന്ത് സംഭവിക്കും എന്നതിനെ ആശ്രയിച്ചിരിക്കും, പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more