ഭോപാല്‍: രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭ എം.പിയുമാ ദിഗ് വിജയ സിങ്. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍നിന്നും പോകരുതെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ വഴി സച്ചിന്‍ പൈലറ്റ് പിന്തുടരില്ല. അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ മികച്ച ഭാവിയുണ്ടെന്നും ദിഗ് വിജയ സിങ് പറഞ്ഞു. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് സിങ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നില്‍ കളിക്കുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് പിണങ്ങി നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനെയും 18 എം.എല്‍.എമാരെയും പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘പ്രായം നിങ്ങളുടെ കൈകളിലാണുള്ളത്. അശോക് ഗെലോട്ട് നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ, അത്തരം പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കപ്പെടണം. സിന്ധ്യ ചെയ്ത തെറ്റ് പൈലറ്റ് ആവര്‍ത്തിക്കരുത്. ബി.ജെ.പിയെ വിശ്വസിക്കാന്‍ കൊള്ളില്ല. മറ്റ് പാര്‍ട്ടികളില്‍നിന്നും ബി.ജെ.പിയില്‍ ചേര്‍ന്ന ആരും അവിടെ വിജയിച്ചിട്ടില്ല’ സിങ് പൈലറ്റിനോടായി പറഞ്ഞു.
വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നെന്നും സിങ് പറഞ്ഞു. സച്ചിന്‍ പൈലറ്റുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ, അദ്ദേഹം കോള്‍ എടുത്തില്ല. മെസേജുകള്‍ അയച്ചിട്ടും മറുപടി നില്‍കിയിട്ടില്ല. ത് ആദ്യമായാണ് പൈലറ്റ് തന്റെ ഫോണ്‍കോളുകള്‍ നിരസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘സച്ചിന്‍ എനിക്കെന്റെ മകനെപ്പോലെയാണ്. അദ്ദേഹം എന്നെയും ഞാന്‍ അദ്ദേഹത്തെയും ബഹുമാനിക്കുന്നുണ്ട്. മൂന്നോ നാലോ തവണ ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. അദ്ദേഹം പ്രതികരിച്ചിട്ടില്ല. മുമ്പെല്ലാം എന്റെ കോളുകളോട് വളരെ പെട്ടെന്ന് പ്രതികരിച്ചിരുന്ന ആളാണ്’, സിങ് വ്യക്തമാക്കി.
പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പോവുന്നു എന്ന് കേട്ടു. അതിന്റെ ആവശ്യമെന്താണ്? അദ്ദേഹത്തിന് കോണ്‍ഗ്രസ് ഇതുവരെ ഒന്നും കൊടുത്തിട്ടില്ലേ? 26ാം വയസില്‍ അദ്ദേഹം എം.പിയായി. 32-ല്‍ കേന്ദ്ര മന്ത്രി. 34-ല്‍ പാര്‍ട്ടി സംസ്ഥാനാധ്യക്ഷനും 38-ല്‍ ഉപമുഖ്യമന്ത്രിയും. ഇനിയും എന്താണ് അദ്ദേഹത്തിന് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.